Home International‘അമേരിക്ക മേഖല വിട്ടുപോകണം; ആക്രമിച്ചാൽ കനത്ത തിരിച്ചടി’; മേഖലയിലെ ക്രമം ഇനി ഇറാൻ തീരുമാനിക്കുമെന്ന് മുന്നറിയിപ്പ്

‘അമേരിക്ക മേഖല വിട്ടുപോകണം; ആക്രമിച്ചാൽ കനത്ത തിരിച്ചടി’; മേഖലയിലെ ക്രമം ഇനി ഇറാൻ തീരുമാനിക്കുമെന്ന് മുന്നറിയിപ്പ്

by news_desk1
0 comments

ടെഹ്റാൻ: അമേരിക്ക മേഖല വിട്ടുപോകണമെന്നും ഇറാനെ ആക്രമിച്ചാൽ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. മേഖലയിലെ ക്രമം ഇനി ഇറാൻ തന്നെ തീരുമാനിക്കുമെന്നും ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മീഷൻ മേധാവി വ്യക്തമാക്കി.

സാമ്പത്തിക യുദ്ധത്തിലും അമേരിക്ക പരാജയപ്പെടുമെന്ന് ഇറാൻ നേരത്തെ പറഞ്ഞിരുന്നു. അമേരിക്കയുടെ കുതിച്ചുയരുന്ന കടത്തിൽ നിന്നും പലിശനിരക്കിൽ നിന്നുമുള്ള ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ആരോപിച്ചു.

പരാജയപ്പെട്ട നയങ്ങൾ വീണ്ടും നടപ്പാക്കുന്നത് അമേരിക്കയെ കൂടുതൽ പരാജയങ്ങളിലേക്ക് മാത്രമേ നയിക്കൂവെന്നും അരഗ്ചി പറഞ്ഞു. അമേരിക്കയുടെ സാമ്പത്തിക ഭീകരവാദം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും രാജ്യങ്ങളുടെ പരമാധികാരത്തിനും ഭീഷണിയാണെന്നും അദ്ദേഹം എക്സിൽ പ്രതികരിച്ചു.

ഇറാനെ സഹായിക്കുന്ന ഏതൊരു രാജ്യത്തിനെതിരെയും ഇതുവരെ കണ്ടിട്ടില്ലാത്തവിധം ശക്തമായ സാമ്പത്തിക യുദ്ധം നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അരഗ്ചിയുടെ പ്രതികരണം. ഇറാനുമായി വ്യാപാരബന്ധം പുലർത്തുകയോ സഹായം നൽകുകയോ ചെയ്യുന്ന ഏതൊരു രാജ്യത്തിനെതിരെയും കടുത്ത സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

ധാരണയിലെത്താൻ ഇറാന് മികച്ച അവസരം നൽകിയിരുന്നെങ്കിലും അവർ അത് പ്രയോജനപ്പെടുത്തിയില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ വ്യക്തമാക്കി. ഇനി ഇറാന് നേരിടേണ്ടിവരുന്നത് മുൻപെങ്ങുമില്ലാത്തവിധത്തിലുള്ള സാമ്പത്തിക ഉപരോധവും ഒറ്റപ്പെടുത്തലുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ സാമ്പത്തിക സമ്മർദങ്ങൾക്കും ഭീഷണികൾക്കും വഴങ്ങില്ലെന്നും മേഖലയിലെ ഭാവി ക്രമീകരണങ്ങളിൽ ഇറാന് നിർണായക പങ്കുണ്ടാകുമെന്നുമാണ് ഇറാന്റെ നിലപാട്.

You may also like