തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് സിപിഐയുമായി ചർച്ച നടത്തുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. നിലവിലുള്ള അഭിപ്രായ ഭിന്നതകൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപനേതാവ് പദവിയിൽ ഇനി ചർച്ചയില്ലെന്ന പിണറായി വിജയന്റെ നിലപാടിന് വിരുദ്ധമായാണ് ടി പി രാമകൃഷ്ണന്റെ പ്രതികരണം.
നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്നും ടി പി രാമകൃഷ്ണൻ നിർദേശിച്ചു. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കേണ്ടതാണെന്നും അതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ പരാമർശം നേരത്തെ ഉണ്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതൃപദവിയുമായി ബന്ധപ്പെട്ട സിപിഐഎമ്മിന്റെ നിലപാട് പറയേണ്ടത് സംസ്ഥാന സെക്രട്ടറിയാണെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
മുന്നണിയിൽ പല വിഷയങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാമെന്നും അവ കൂട്ടായി ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സി. ദിവാകരന്റെ വിമർശനം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകാമെന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐഎമ്മിന് തന്നെയായിരിക്കുമെന്ന പിണറായി വിജയന്റെ പ്രതികരണമാണ് സിപിഐ–സിപിഐഎം തർക്കത്തിന് വഴിവെച്ചത്. ‘ഞാനാണ് കത്ത് കൊടുക്കേണ്ടത്. സിപിഐഎം നേതാവിന്റെ പേരാകും കത്തിൽ’ എന്നായിരുന്നു പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട ചർച്ച അടഞ്ഞ അധ്യായമാണെന്നും നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേട്ടുകേൾവി പോലുമില്ലാത്ത വിഷയത്തിൽ ചർച്ച വേണമെന്ന് പറയുന്നതിൽ എന്ത് പ്രസക്തിയെന്നും പിണറായി ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐ നേതാക്കൾ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയത്.
അതിനിടെ, സിപിഐയുടെ മുഖപത്രമായ ജനയുഗത്തിൽ പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി എഴുതിയ ലേഖനം സിപിഐഎം നേതാക്കളെ പ്രകോപിപ്പിച്ചിരുന്നു. പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി. എൻ. മോഹനനും സംസ്ഥാന കമ്മിറ്റി അംഗം വി. ശിവൻകുട്ടിയും സിപിഐയെ വിമർശിച്ചും പരിഹസിച്ചും രംഗത്തെത്തി.
ഇരുപാർട്ടികളുടെയും വർഗ-ബഹുജന സംഘടനകളും വിഷയത്തിൽ പരസ്പരം വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിനും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്മോനും പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങളിൽ പങ്കുചേർന്നിരുന്നു.
