തിരുവനന്തപുരം: കോഴിക്കോട് നടക്കുന്ന സിപിഐഎമ്മിന്റെ വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഒമ്പത് പൊളിറ്റ്ബ്യൂറോ അംഗങ്ങൾ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നടക്കുന്ന തിരുത്തൽ പ്രക്രിയയെ സംബന്ധിച്ച് നിർണായകമായ യോഗമാണ് സെപ്റ്റംബർ 13, 14, 15 തീയതികളിൽ ചേരുന്നത്.
വിശാല സംസ്ഥാന കമ്മിറ്റിയിൽ തുറന്ന ചർച്ചയ്ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒമ്പത് പൊളിറ്റ്ബ്യൂറോ അംഗങ്ങൾ പങ്കെടുക്കുന്നത്. കേരളത്തിൽ നിന്നുള്ള നാല് പൊളിറ്റ്ബ്യൂറോ അംഗങ്ങൾ ഉൾപ്പെടെ ഒമ്പത് പേരാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുക.
ജനറൽ സെക്രട്ടറി എം.എ. ബേബി, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എ. വിജയരാഘവൻ എന്നിവർക്ക് പുറമെ അശോക് ധാവ്ളെ, കെ. ബാലകൃഷ്ണൻ, യു. വാസുകി, ബി.വി. രാഘവലു, വിജു കൃഷ്ണൻ എന്നിവരും വിശാല സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കും.
തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകനത്തിന് വിരുദ്ധമായ വിശദീകരണങ്ങൾ സംസ്ഥാന നേതാക്കൾ ഉൾപ്പെടെ നടത്തുന്നതായുള്ള ചർച്ചകളും ഇതിനിടെ ഉയർന്നിരുന്നു. വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ അജണ്ടയെ സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പുകളും ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നുണ്ട്.
‘നിയമസഭാ തെരഞ്ഞെടുപ്പ് റിവ്യൂ കേന്ദ്ര കമ്മിറ്റി അംഗീകരിച്ച് പാർട്ടിയിൽ റിപ്പോർട്ട് ചെയ്ത് ചർച്ചകൾ നടത്തി. അതിന്റെ ആവർത്തനമല്ല കോഴിക്കോട് നടക്കാൻ പോകുന്നത്. അതിന്റെ അടിസ്ഥാനത്തിൽ പാർട്ടിയെ ശക്തമാക്കുന്നത് എങ്ങനെയാണെന്നതാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ അജണ്ട’ എന്ന നിലയിലായിരുന്നു ചില വിശദീകരണങ്ങൾ.
ഇതിന് പിന്നാലെയാണ് പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഐഎം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തലിന് വിരുദ്ധമായ നിലപാടുകൾ പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ സ്വീകരിച്ചത്.
പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥികളെ തിരഞ്ഞെടുക്കുന്നതിലുണ്ടായ വീഴ്ചകൾ കണ്ണൂർ ജില്ലാ കമ്മിറ്റി അവലോകന റിപ്പോർട്ടിൽ സ്വയംവിമർശനപരമായി അംഗീകരിച്ചിട്ടുണ്ടായിരുന്നു. ജില്ലാ കമ്മിറ്റി ശുപാർശ ചെയ്ത സ്ഥാനാർഥികളുടെ പേരുകൾ അംഗീകരിക്കുന്ന ഘട്ടത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും സംസ്ഥാന കമ്മിറ്റിയുടെയും ഭാഗത്തുനിന്നും വീഴ്ചകൾ സംഭവിച്ചതായാണ് കേന്ദ്ര കമ്മിറ്റി അംഗീകരിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിൽ പറയുന്നത്.
എന്നാൽ ഇതിന് വിരുദ്ധമായി തെരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടി അണികളെ പഴിക്കുന്ന സമീപനമാണ് പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സ്വീകരിച്ചതെന്നാണ് വിമർശനം. ‘എന്താണ് നിങ്ങളെ വഴിതെറ്റിച്ചതെന്നും ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. പരാജയം ഗൗരവമായി കാണുന്നു. ആരെയാണ് നിങ്ങൾ വിശ്വാസത്തിലെടുത്തത്. നിങ്ങൾ ചെയ്ത തെറ്റ് ഇപ്പോഴെങ്കിലും ഉൾക്കൊള്ളാൻ തയ്യാറാകണം’ എന്നായിരുന്നു തളിപ്പറമ്പിലെ പാർട്ടി പ്രവർത്തകരോടുള്ള പിണറായി വിജയന്റെ പ്രതികരണം.
വിശാല സംസ്ഥാന കമ്മിറ്റി യോഗം ആരംഭിക്കാനിരിക്കെ, തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിന്റെ ബ്രാഞ്ച് തലം മുതൽ നേതൃത്വത്തിനെതിരെ ഉയർന്ന രൂക്ഷ വിമർശനങ്ങളുടെയും കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിന്റെയും അന്തഃസത്തയെ ദുർബലപ്പെടുത്താനുള്ള നീക്കം നടക്കുന്നുവെന്ന പരാതി പാർട്ടിയിലെ ഒരു വിഭാഗത്തിനുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിൽ പൊളിറ്റ്ബ്യൂറോയുടെ മേൽനോട്ടം ശക്തിപ്പെടുത്താനുള്ള നീക്കമെന്നാണ് സൂചന. നേരത്തെ പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ പൊളിറ്റ്ബ്യൂറോയിൽ പ്രതികൂല നിലപാട് സ്വീകരിച്ച നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് കേരളത്തിൽ നടക്കുന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
