ഡൽഹി: ഡൽഹിയിൽ സ്ലീപ്പർ ബസിൽ പതിനാറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ബസിലെ ഡ്രൈവറും കണ്ടക്ടറും ചേർന്നാണ് കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതെന്നാണ് പൊലീസ് കേസ്. നോയിഡയിലേക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് പ്രതികൾ പെൺകുട്ടിയെ ബസിൽ കയറ്റിയത്. പിന്നാലെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നാണ് വിവരം.
സംഭവത്തിൽ ഡ്രൈവർ കുൽദീപ്, കണ്ടക്ടർ സന്ദീപ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബസും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഉത്തർപ്രദേശ് സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിനി വീട്ടിൽ പറയാതെ ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ഇതിനിടെ ബന്ധുവിന്റെ വീടിന് സമീപം ഇറങ്ങേണ്ട സ്ഥലം കുട്ടിക്ക് മാറിപ്പോയിരുന്നു. തുടർന്ന് നോയിഡയിലേക്ക് പോകാനുള്ള വാഹനം കാത്തുനിൽക്കുമ്പോഴാണ് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് സ്ലീപ്പർ ബസിലെ ജീവനക്കാർ കുട്ടിയുടെ അടുത്തെത്തിയത്.
ബസിൽ കയറിയപ്പോൾ താൻ മാത്രമാണ് യാത്രക്കാരിയായി ഉണ്ടായിരുന്നതെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. ബസിൽ കയറിയ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഡ്രൈവറും കണ്ടക്ടറും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി.
തുടർന്ന് കശ്മീരി ഗേറ്റ് പ്രദേശത്ത് ഇവർ പെൺകുട്ടിയെ ഇറക്കിവിട്ടു. ഉടൻ തന്നെ പൊലീസ് സ്റ്റേഷനിലെത്തിയ കുട്ടി തനിക്ക് നേരിട്ട ക്രൂരത വെളിപ്പെടുത്തുകയായിരുന്നു. പിന്നാലെ പാർക്കിങ് യാർഡിൽ നിന്ന് കണ്ടക്ടറെയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ബസ് കസ്റ്റഡിയിലെടുത്ത് ഫൊറൻസിക് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
