Home Nationalഖാർഗെ പ്രസംഗിച്ച വേദി ‘ശുദ്ധീകരിച്ച’ സംഭവം: എൻഡിഎയിൽ ഭിന്നത; ആശങ്കയെന്ന് ചിരാഗ് പാസ്വാൻ

ഖാർഗെ പ്രസംഗിച്ച വേദി ‘ശുദ്ധീകരിച്ച’ സംഭവം: എൻഡിഎയിൽ ഭിന്നത; ആശങ്കയെന്ന് ചിരാഗ് പാസ്വാൻ

by news_desk1
0 comments

ഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനി രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ നടന്ന ‘ശുദ്ധീകരണ’ ചടങ്ങിനെ ചൊല്ലി എൻഡിഎയിൽ ഭിന്നത. സംഭവം ആശങ്കയുണ്ടാക്കുന്നതാണെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ വ്യക്തമാക്കി. സാമൂഹിക സാഹചര്യങ്ങളിൽ ഇപ്പോഴും മാറ്റമുണ്ടാകാത്തത് സർക്കാരിനും ആശങ്കയുണ്ടാക്കുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

ശുദ്ധീകരണ ചടങ്ങിനെ ബിജെപി-ആർഎസ്എസ് നേതാക്കൾ ന്യായീകരിക്കുന്നതിനിടെയാണ് ചിരാഗ് പാസ്വാന്റെ പ്രതികരണം. ക്ഷേത്രം ഉൾപ്പെടുന്ന മൈതാനത്ത് കോൺഗ്രസ് പ്രവർത്തകർ ചില മുദ്രാവാക്യങ്ങൾ വിളിച്ചതിനെ തുടർന്നാണ് ദളിതർ ഉൾപ്പെടെയുള്ളവർ ചേർന്ന് ശുദ്ധീകരണം നടത്തിയതെന്നാണ് ബിജെപിയുടെ വിശദീകരണം.

സംഭവത്തിൽ ബിജെപിക്ക് പങ്കില്ലെന്ന് കേന്ദ്ര സഹമന്ത്രി അജയ് താംത പറഞ്ഞു. റാലി നടന്ന മൈതാനം ഒരു ഹൈന്ദവ സംഘടനയുടെ നിയന്ത്രണത്തിലുള്ളതാണെന്നും പരിപാടിക്കിടെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർ ഉൾപ്പെടെയുള്ളവർ അനാവശ്യ മതപരമായ മുദ്രാവാക്യങ്ങൾ ഉയർത്തിയതിനെ തുടർന്നാണ് സംഘടന ചടങ്ങ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

റാലിക്ക് ശേഷം മൈതാനത്ത് മാലിന്യങ്ങൾ അടിഞ്ഞുകൂടിയതിനെ തുടർന്നാണ് ശുചീകരണവും ശുദ്ധീകരണവും നടത്താൻ പ്രാദേശിക സംഘടന തീരുമാനിച്ചതെന്നും അജയ് താംത പറഞ്ഞു. പതിവായി പൂജകളും യാഗങ്ങളും നടക്കുന്ന സ്ഥലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേദിയിലോ മൈതാനത്തോ നടന്ന ശുദ്ധീകരണത്തിൽ ബിജെപിക്കോ സംസ്ഥാന സർക്കാരിനോ യാതൊരു പങ്കുമില്ലെന്നും ‘ശ്രീരാം സേന ധാർമിക് സേവാ ട്രസ്റ്റ്’ എന്ന സംഘടനയാണ് ചടങ്ങിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ഇത്തരം പ്രവൃത്തികളെ പിന്തുണയ്ക്കുന്നില്ലെന്നും താംത പറഞ്ഞു.

രാംലീല മൈതാനങ്ങളിൽ രാഷ്ട്രീയ പരിപാടികൾക്കും സമ്മേളനങ്ങൾക്കും ശേഷവും പൂജകളും ശുദ്ധീകരണ ചടങ്ങുകളും നടക്കുന്നത് പതിവാണെന്നും അദ്ദേഹം ന്യായീകരിച്ചു. ദളിത് വിഭാഗത്തിൽപ്പെട്ട മുതിർന്ന നേതാവായ ഖാർഗെയെ അപമാനിക്കാൻ ബിജെപിയും ആർഎസ്എസും ശ്രമിക്കുകയാണെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും ആരോപണവും താംത തള്ളി.

പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും ശുദ്ധീകരണ ചടങ്ങിൽ പങ്കെടുത്തിട്ടുണ്ടെന്നും വിഷയം ജാതീയമായി തിരിച്ചുവിട്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അജയ് താംത ആരോപിച്ചു.

You may also like