Home Keralaപാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം: ജീവനക്കാർ പ്രതിഷേധത്തിലേക്ക്; സ്ഥലമാറ്റവും സ്ഥാനക്കയറ്റവും നഷ്ടപ്പെടുമെന്ന് ആശങ്ക

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം: ജീവനക്കാർ പ്രതിഷേധത്തിലേക്ക്; സ്ഥലമാറ്റവും സ്ഥാനക്കയറ്റവും നഷ്ടപ്പെടുമെന്ന് ആശങ്ക

by news_desk1
0 comments

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ ജീവനക്കാർ പ്രതിഷേധത്തിലേക്ക്. ഡിവിഷൻ വിഭജനം തൊഴിലാളികളുടെ സ്ഥാനക്കയറ്റത്തെയും സ്ഥലമാറ്റത്തെയും ബാധിക്കുമെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. മംഗളൂരുവിൽ ജോലി ചെയ്യുന്ന 1500 ജീവനക്കാരിൽ 60 ശതമാനവും മലയാളികളാണ്. ഇവരിൽ ഭൂരിഭാഗം പേരും വർഷങ്ങളായി പാലക്കാട് ഡിവിഷന് പുറത്താണ് ജോലി ചെയ്യുന്നതെന്നും ജീവനക്കാർ പറയുന്നു.

അർഹതപ്പെട്ട സ്ഥലമാറ്റവും സ്ഥാനക്കയറ്റവും നഷ്ടപ്പെടുമെന്നാണ് തൊഴിലാളികളുടെ ആശങ്ക. അംഗീകൃത സംഘടനകളുമായി ചർച്ച നടത്താതെയാണ് ഡിവിഷൻ വിഭജനം നടപ്പാക്കിയതെന്നും അവർ ആരോപിക്കുന്നു. ഡിവിഷൻ വിഭജനം റെയിൽവേയ്ക്ക് ഭരണപരമായ നേട്ടമൊന്നും നൽകുന്നില്ലെന്ന് ഡിആർഇയുവും ചൂണ്ടിക്കാട്ടുന്നു.

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനവുമായി ബന്ധപ്പെട്ട തീരുമാനം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് വലിയ ആശങ്കയാണ് ഉയർന്നിരിക്കുന്നത്. മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽ നിന്ന് വേർപ്പെടുത്തുന്നതോടെ വരുമാനത്തിൽ ഏകദേശം 60 ശതമാനം കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. വരുമാനം കുറയുന്നതോടെ പാലക്കാട് ഡിവിഷന് പുതിയ ട്രെയിനുകൾ ലഭിക്കാനുള്ള സാധ്യതയും കുറയും. വരുമാനം പരിഗണിച്ചാണ് പുതിയ ട്രെയിനുകൾ അനുവദിക്കുന്നത്.

വരുമാനം കുറയുന്നതോടെ ബജറ്റ് വിഹിതത്തിലും കുറവുണ്ടാകുമെന്ന ആശങ്കയുണ്ട്. കിലോമീറ്റർ, ട്രാക്ക്, പ്രധാന സ്റ്റേഷനുകൾ, വരുമാനം എന്നിവയാണ് ബജറ്റ് വിഹിതം അനുവദിക്കുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങൾ. അടിയന്തര യാത്രകൾക്കുള്ള എമർജൻസി ക്വാട്ട സംവിധാനവും പേരിന് മാത്രമാകുമെന്ന ആശങ്കയുണ്ട്. മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകളിൽ എമർജൻസി ക്വാട്ടയിൽ ടിക്കറ്റ് ലഭിക്കാൻ മൈസൂരു ഡിവിഷൻ ആസ്ഥാനവുമായി ബന്ധപ്പെടേണ്ടിവരും.

ദക്ഷിണ സോണിന്റെ ഭാഗമായ പാലക്കാട് ഡിവിഷന്റെ ചില ഭാഗങ്ങൾ വേർപ്പെടുത്തി ദക്ഷിണ പശ്ചിമ സോണിന് കീഴിലുള്ള മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനമാണ് പ്രതിസന്ധിക്ക് കാരണം. മംഗളൂരു മേഖലയെ പാലക്കാട് ഡിവിഷനിൽ നിന്ന് വേർപ്പെടുത്തി മൈസൂരു ഡിവിഷനിൽ ലയിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇത് നടപ്പായാൽ മംഗളൂരു തുറമുഖം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ മൈസൂരു ഡിവിഷന്റെ കീഴിലാകും.

ഡിവിഷൻ വിഭജനത്തോടെ ട്രാൻസ്ഫർ, സ്ഥാനക്കയറ്റം തുടങ്ങിയ കാര്യങ്ങളെല്ലാം പുനഃക്രമീകരിക്കേണ്ടിവരും. ഇതിനുപിന്നാലെ തിരുവനന്തപുരം ഡിവിഷനും വിഭജിക്കാനുള്ള തീരുമാനവും ഉയർന്നുവന്നിട്ടുണ്ട്.

You may also like