സ്ത്രീകളെക്കുറിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി നടി മാലാ പാർവതി. പെണ്ണുങ്ങൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുവേദിയിലേക്ക് ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നും കാന്തപുരം പറഞ്ഞിരുന്നു. അന്യപുരുഷന്മാർക്കിടയിലോ പൊതുവിടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന് സമസ്ത കാന്തപുരം വിഭാഗം സർക്കുലറും പുറത്തിറക്കിയിരുന്നു.
ഈ പ്രസ്താവനകൾ ശരിയോ തെറ്റോ എന്ന തരത്തിൽ പോലും ചർച്ച നടക്കുന്നത് ഒട്ടും സഹിക്കാൻ കഴിയാത്ത കാര്യമാണെന്ന് മാലാ പാർവതി പറയുന്നു. ടെലിവിഷൻ അവതാരകയായിരുന്ന കാലത്തെ തന്റെ ഒരു അനുഭവവും അവർ പങ്കുവെച്ചു. സമൂഹമാധ്യമത്തിലൂടെയായിരുന്നു മാലാ പാർവതിയുടെ പ്രതികരണം.
മാലാ പാർവതിയുടെ കുറിപ്പ്
കാന്തപുരം ഉസ്താദിന്റെ സമൂഹവിരുദ്ധ പ്രസ്താവനയെ വെറും സ്ത്രീവിരുദ്ധ പ്രസ്താവനയായി തള്ളിക്കളയുന്നത് തന്നെ തെറ്റാണ്. സ്ത്രീകൾ പൊതുഇടങ്ങളിൽ ഇറങ്ങിയാൽ സർവനാശം സംഭവിക്കുമെന്നത് ഒരിക്കലും സ്ത്രീകളെ മാത്രം സംബന്ധിക്കുന്ന വിഷയമല്ല. ആ പ്രസ്താവനയെ അനുകൂലിക്കുന്നത് ഒരിക്കലും പുരോഗമന ചിന്തയുള്ള ഒരു സമൂഹത്തിന് ചേർന്നതല്ല.
ഇതൊരു നിലപാടായി പറയേണ്ട കാര്യമല്ല, കാരണം ഇത് ഭരണഘടന നൽകിയിട്ടുള്ള അവകാശമാണ്. പൗരൻ എന്ന് പറയുമ്പോൾ അതിൽ ആണും പെണ്ണും ഉൾപ്പെടും.
കാന്തപുരം മൗലവിയുടെ ഈ പ്രസ്താവന കേട്ടപ്പോൾ പണ്ട് നടന്ന ഒരു സംഭവം ഓർമവന്നു. 2001-ലാണ് സംഭവം. അന്ന് ഞാൻ കൈരളി ചാനലിൽ അവതാരകയാണ്. ‘ശുഭദിനം’ എന്ന പ്രഭാത പരിപാടിയുടെ അവതാരകർ അനൂപ് മേനോനും ഞാനുമായിരുന്നു.
അക്കാലത്ത് പ്രശസ്തനായ ഒരു മൗലവി അതിഥിയായി വന്നിരുന്നു. പേര് പറയുന്നില്ല. മതപണ്ഡിതന്മാർ അതിഥികളായി എത്തുമ്പോൾ സാധാരണഗതിയിൽ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചിരുന്നത് ഞാനായിരുന്നു. ഇസ്ലാമിക ദർശനവും ഖുർആനും മറ്റ് മതഗ്രന്ഥങ്ങളെപ്പോലെ തന്നെ വായിക്കുകയും മനസ്സിലാക്കുകയും ചെയ്തിരുന്നതിനാൽ ആത്മീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് എനിക്ക് അനായാസമായിരുന്നു.
ശ്രീ ഇബ്രാഹിം സുലൈമാൻ സേഠ്, ശ്രീ സമദാനി തുടങ്ങിയവരുടെ അഭിമുഖങ്ങൾ നിലവാരം പുലർത്തിയിരുന്നുവെന്ന് എല്ലാവരും പറഞ്ഞതിന്റെ തെല്ലൊരു ആത്മവിശ്വാസത്തോടെ ഇരിക്കുന്ന സമയത്താണ് പ്രസ്തുത മൗലവി അതിഥിയായി എത്തിയത്.
അദ്ദേഹം എത്തിയെന്ന് പറഞ്ഞപ്പോൾ സ്വീകരിക്കാൻ ഞാനാണ് പോയത്. എന്നെ കണ്ടതും അദ്ദേഹം തല എതിർവശത്തേക്ക് തിരിച്ചു. ഞാൻ ആ വശത്തേക്ക് നീങ്ങി നിന്ന് നമസ്കാരം പറഞ്ഞു. അപ്പോൾ അദ്ദേഹം തല മറുവശത്തേക്ക് തിരിച്ചു. എന്നെ അദ്ദേഹം നോക്കുന്നുപോലുമില്ലായിരുന്നു.
ഞാൻ വീണ്ടും മറുവശത്തേക്ക് നീങ്ങി. അദ്ദേഹം വീണ്ടും തല തിരിച്ചു. എന്താണ് സംഭവമെന്ന് അറിയാതെ ഞാൻ അന്തംവിട്ടുനിന്നപ്പോൾ, ‘പുരുഷന്മാരാരും ഇല്ലേ’ എന്ന ചോദ്യം വന്നു. ബാത്ത്റൂം എവിടെയാണെന്നോ മറ്റോ ചോദിക്കാനാകുമെന്നാണ് കരുതി ഞാൻ വേഗം പോയി അനൂപിനെ വിളിച്ചത്.
അനൂപും മേക്കപ്പ് മാൻ ഷാൻ പട്ടണവും ഓടിയെത്തി. കാര്യം അന്വേഷിച്ചപ്പോഴാണ് അദ്ദേഹം പറയുന്നത്, താൻ സ്ത്രീകളോട് സംസാരിക്കില്ലെന്ന്. അഭിമുഖം നടത്തുന്നത് ഞങ്ങൾ രണ്ടുപേരും ചേർന്നാണെന്ന് അനൂപ് പറഞ്ഞു. അനൂപിനെക്കാൾ വിഷയത്തെക്കുറിച്ച് അറിവുള്ളത് എനിക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, അദ്ദേഹം നിലപാട് കടുപ്പിച്ചു. എന്റെ കണ്ണിൽ നോക്കില്ല, സ്ത്രീയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയില്ല എന്നായിരുന്നു നിലപാട്.
അന്ന് ഞാൻ വലിയ രീതിയിൽ പ്രതിഷേധിച്ചു. ഇത് എന്റെ അവകാശ ലംഘനമാണെന്ന് ഉൾപ്പെടെ പറഞ്ഞു. വിഷയം മേലധികാരികളിലേക്കുവരെ എത്തി. ഒടുവിൽ അനൂപ് മാത്രം അഭിമുഖം നടത്തിയാൽ മതിയെന്നായിരുന്നു തീരുമാനം.
നിസ്സഹായയായി തോന്നിയ ദിവസമായിരുന്നു അത്. 2001 മാർച്ച് 19. ആ ദിവസം ഞാൻ മറക്കില്ല. എന്റെ അറിവിനും ചിന്തകൾക്കും വിലയില്ലാതായ ദിവസം. ‘നീ വെറും പെണ്ണ്’ എന്ന് വിധിയെഴുതപ്പെട്ട ദിവസം.
അന്ന് ഞാൻ ഇസ്ലാം മതവിശ്വാസികളായ സ്ത്രീകളെക്കുറിച്ചാണ് ആലോചിച്ചത്. എന്തുമാത്രം പോരാട്ടങ്ങളാണ് അവർ നടത്തുന്നതെന്ന്. 2001 കഴിഞ്ഞ് 2026 ആയി. എന്നാൽ ചർച്ചകൾക്കൊന്നും ഒരു മാറ്റവുമില്ല.
നേപ്പാളിലെ പ്രകൃതിദുരന്തത്തിൽ സർവവും നശിച്ച് കിടക്കുന്ന ഒരു ജനതയുടെ അവസ്ഥ എന്നെ വേട്ടയാടുന്നു. ആണേതെന്നും പെണ്ണേതെന്നും തിരിച്ചറിയാനാകാതെ ആളുകളെ കൂട്ടത്തോടെ അടക്കം ചെയ്യുന്നു. അപ്പോഴാണ് ഇവിടെ ഇത്തരം ചർച്ചകൾ നടക്കുന്നത്. അതിനുമപ്പുറം, ഇത് ശരിയാണോ തെറ്റാണോ എന്ന ചർച്ചയാണ് നടക്കുന്നത്. അതാണ് ഒട്ടും സഹിക്കാനാകാത്തത്.
ഞാനന്ന് ആ മൗലവിയോട് ചോദിച്ച ചോദ്യം തന്നെ വീണ്ടും ആവർത്തിക്കുകയാണ്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിയാൽ, ഒരു വനിതാ ഡോക്ടർ തന്നെ പരിശോധിക്കരുതെന്ന് താങ്കൾ പറയുമോ?
സ്ത്രീകൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാത്തതിനാൽ, അന്നും അദ്ദേഹം ആ ചോദ്യത്തിന് മറുപടി നൽകിയില്ല.
