Home Businessഓണച്ചന്തയിൽ കുടുംബശ്രീയുടെ കുതിപ്പ്; പൂക്കളും പച്ചക്കറികളും വിറ്റ് നേടിയത് 10.07 കോടി

ഓണച്ചന്തയിൽ കുടുംബശ്രീയുടെ കുതിപ്പ്; പൂക്കളും പച്ചക്കറികളും വിറ്റ് നേടിയത് 10.07 കോടി

by news_desk1
0 comments

തിരുവനന്തപുരം: ഓണവിപണിയിൽ കോടികളുടെ നേട്ടവുമായി കുടുംബശ്രീ. സംസ്ഥാനത്ത് നടപ്പാക്കുന്ന ‘ഓണക്കനി’, ‘നിറപ്പൊലിമ’ കാർഷിക പദ്ധതികളുടെ ഭാഗമായി ഉൽപ്പാദിപ്പിച്ച പച്ചക്കറികളും പൂക്കളും വിറ്റഴിച്ച് വനിതാ കർഷകർ 10.07 കോടി രൂപയുടെ വിറ്റുവരവ് സ്വന്തമാക്കി. ആഗസ്റ്റ് 20 മുതൽ 25 വരെ സംസ്ഥാനമൊട്ടാകെ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രണ്ടായിരത്തിലേറെ ഓണം വിപണന മേളകളിൽ നിന്നാണ് ഈ നേട്ടം.

വിൽപ്പനയിലൂടെ 2.85 കോടി രൂപയുടെ വിറ്റുവരവ് നേടി തൃശൂർ ജില്ല സംസ്ഥാനതലത്തിൽ ഒന്നാമതെത്തി. 1.62 കോടി രൂപയുമായി പാലക്കാട് രണ്ടാം സ്ഥാനവും 85.50 ലക്ഷം രൂപയുമായി കണ്ണൂർ മൂന്നാം സ്ഥാനവും നേടി.

‘ഓണക്കനി’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെയുള്ള 33,000-ലേറെ കർഷക സംഘങ്ങൾ ഉൽപ്പാദിപ്പിച്ച 1,580.88 മെട്രിക് ടൺ നാടൻ പച്ചക്കറികളാണ് ഓണസദ്യയൊരുക്കാൻ വിപണിയിലെത്തിയത്. ഇതുവഴി 8.91 കോടി രൂപയാണ് വിറ്റുവരവ് ലഭിച്ചത്.

പൂക്കളുടെ ആഭ്യന്തര ഉൽപ്പാദനവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കിയ ‘നിറപ്പൊലിമ’ പദ്ധതിയും വിപണിയിൽ ശ്രദ്ധേയമായി. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന 5,500 കർഷക സംഘങ്ങൾ കൃഷി ചെയ്ത 113.17 മെട്രിക് ടൺ പൂക്കൾ വിപണിയിലെത്തിച്ചതിലൂടെ 1.16 കോടി രൂപയുടെ വിറ്റുവരവാണ് ലഭിച്ചത്. ഈ വരുമാനം പൂർണമായും കർഷകർക്കാണ് ലഭിക്കുക.

കുടുംബശ്രീയുടെ ഓണം വിപണന മേളകൾക്ക് പുറമേ, പ്രാദേശിക തലത്തിലും കർഷകർ ഉൽപ്പന്നങ്ങൾ വിറ്റഴിച്ച് വരുമാനം നേടുന്നുണ്ട്.

ഓണക്കാലത്തെ കാർഷികോൽപ്പന്ന വിപണനത്തിൽ കുടുംബശ്രീയുടെ കരുത്തും വനിതാ കർഷകരുടെ മികവും ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ് ഈ നേട്ടം. കർഷകർക്ക് മികച്ച വിപണി ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള നാടൻ കാർഷിക ഉൽപ്പന്നങ്ങൾ ലഭ്യമാക്കാനും പൊതുവിപണിയിലെ വിലക്കയറ്റം തടയാനും കുടുംബശ്രീ വഴിയൊരുക്കി.

വനിതാ കർഷകരുടെ അധ്വാനത്തിന് വിപണിയൊരുക്കുകയും കർഷക കുടുംബങ്ങൾക്ക് അധിക വരുമാനം ഉറപ്പാക്കുകയും ചെയ്യുന്നതിൽ കുടുംബശ്രീയുടെ കാർഷിക ഇടപെടലുകൾ നിർണായകമായി.

You may also like