തിരുവനന്തപുരം: ഓണം വാരാഘോഷത്തിനിടെ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി ജുന അഖാഡ മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി മഹാരാജ്. ഭാരതീയ സംസ്കൃതിയെയും പാരമ്പര്യത്തെയും ആദരിക്കുന്ന ഏതൊരു വ്യക്തിയും അഭിമാനത്തോടെ പാടേണ്ട ഗീതമാണ് വന്ദേമാതരമെന്നും ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ തികച്ചും സങ്കുചിതമായ രാഷ്ട്രീയ താൽപ്പര്യങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഓണം വാരാഘോഷ വേദിയിൽ വന്ദേമാതരം ആലപിച്ചതിനെച്ചൊല്ലി വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് മഹാമണ്ഡലേശ്വർ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. വന്ദേമാതരം ദേശീയതയുടെയും രാജ്യസ്നേഹത്തിന്റെയും പ്രതീകമാണെന്നും അതിനെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
