Home Keralaഅശോക് കുമാർ അന്വേഷിച്ച കേസുകളിൽ അട്ടിമറി സംശയം; നിർണായക ഫയലുകൾ പരിശോധിക്കാൻ എക്‌സൈസ് വകുപ്പ്

അശോക് കുമാർ അന്വേഷിച്ച കേസുകളിൽ അട്ടിമറി സംശയം; നിർണായക ഫയലുകൾ പരിശോധിക്കാൻ എക്‌സൈസ് വകുപ്പ്

by news_desk1
0 comments

കോട്ടയം: കൈക്കൂലി കേസിൽ സസ്‌പെൻഷനിലായ കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാർ അന്വേഷിച്ച പ്രമാദമായ കേസുകളിൽ അട്ടിമറി നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ എക്‌സൈസ് വകുപ്പ് തീരുമാനം. കൈക്കൂലി വാങ്ങി ചില കേസുകൾ അട്ടിമറിച്ചെന്ന സംശയത്തെ തുടർന്നാണ് ഇയാൾ അന്വേഷിച്ച കേസ് ഫയലുകൾ പരിശോധിക്കുന്നത്. നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ ഉൾപ്പെട്ട ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്, സിപിഐഎം നേതാവ് യു. പ്രതിഭയുടെ മകൻ ഉൾപ്പെട്ട കഞ്ചാവ് കേസ് എന്നിവയുൾപ്പെടെയാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

അശോക് കുമാറിന്റെ സ്വത്തുവിവരങ്ങളുമായി ബന്ധപ്പെട്ട് വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് അദ്ദേഹം അന്വേഷിച്ച കേസുകളുടെ ഫയലുകൾ പരിശോധിക്കാൻ എക്‌സൈസ് വകുപ്പ് തീരുമാനിച്ചത്. അശോക് കുമാർ ആലപ്പുഴയിൽ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ഠിച്ചിരുന്ന കാലത്താണ് പ്രമുഖ നടന്മാർ ഉൾപ്പെട്ട ഹൈബ്രിഡ് കഞ്ചാവ് വേട്ട നടന്നത്. കേരളത്തിൽ അന്ന് വരെ പിടികൂടിയതിൽ ഏറ്റവും വലിയ കഞ്ചാവ് വേട്ടയായിരുന്നു ഇത്.

എന്നാൽ പിന്നീട് നടന്മാരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയുള്ള റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിക്കപ്പെട്ടത്. നിലവിൽ കഞ്ചാവുമായി പിടിയിലായ തമിഴ്‌നാട് സ്വദേശിയും സഹായിയുമാണ് കേസിലെ പ്രതികൾ. യു. പ്രതിഭയുടെ മകൻ ഉൾപ്പെട്ട കേസിലും സമാനമായ അട്ടിമറി സംശയമാണ് ഉയരുന്നത്.

അശോക് കുമാർ അന്വേഷിച്ച ഏഴോളം കേസുകളുടെ നിലവിലെ സ്ഥിതി അറിയിക്കാനും ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാനുമാണ് ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണർക്ക് നിർദേശം നൽകിയിരിക്കുന്നത്. ഫയലുകൾ ഇന്ന് തന്നെ തിരുവനന്തപുരത്തെ എക്‌സൈസ് ആസ്ഥാനത്ത് നേരിട്ട് എത്തിക്കും.

ആലപ്പുഴയിൽ ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ ബാറുകളിൽ പരിശോധന നടത്തുന്നതിൽ നിന്ന് ഉദ്യോഗസ്ഥരെ അശോക് കുമാർ വിലക്കിയിരുന്നുവെന്നും ആരോപണമുണ്ട്. കോട്ടയത്ത് നിന്ന് അശോക് കുമാറിനെ വീണ്ടും ആലപ്പുഴയിലേക്ക് എത്തിക്കാൻ ശുപാർശ നൽകിയതിൽ മദ്യവിരുദ്ധ സമിതിയും ഉൾപ്പെട്ടിരുന്നു.

ആലപ്പുഴയിലെ ബാറുകളിലും കള്ളുഷാപ്പുകളിലും ഡ്രൈഡേ ദിവസങ്ങളിൽ മദ്യവിൽപ്പനയ്ക്ക് കൈക്കൂലി വാങ്ങി അനുമതി നൽകിയെന്ന ആരോപണവും അശോക് കുമാറിനെതിരെ ഉയർന്നിരുന്നു. എന്നാൽ മതിയായ തെളിവുകൾ ലഭിക്കാത്തതിനാൽ അന്ന് നടപടി സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല.

എക്‌സൈസ് മാസപ്പടി വിവാദത്തിലാണ് അശോക് കുമാറിന് നിർണായകമായി കുരുക്ക് മുറുകിയത്. മൊബൈൽ ഫോണിലുണ്ടായിരുന്ന പ്രധാന വിവരങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. ഫോൺ രേഖകൾ മായ്ച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാങ്കേതിക പരിശോധനയിൽ വിവരങ്ങൾ കണ്ടെത്തിയതോടെ കുറ്റം സമ്മതിക്കേണ്ടി വന്നതായും റിപ്പോർട്ടുകളുണ്ട്. പണത്തിനൊപ്പം ബാറുകളിൽ നിന്ന് മദ്യക്കുപ്പികൾ വാങ്ങി മടങ്ങുന്ന എക്‌സൈസ് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

You may also like