കെനിയയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ പ്രസിഡന്റ് വില്യം റുട്ടോ ഉത്തരവിട്ടതിന് പിന്നാലെ പ്രതികരണവുമായി ടാറ്റ കെമിക്കൽസ്. രാജ്യത്തെ എല്ലാ നിയമങ്ങളും ചട്ടങ്ങളും പൂർണമായി പാലിച്ചാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. കജിയാഡോ കൗണ്ടിയിലെ മഗാഡിയിലുള്ള ടാറ്റയുടെ മഗാഡി ഫാക്ടറി പൂട്ടാനും പകരം രണ്ട് പുതിയ കമ്പനികൾക്ക് ചുമതല കൈമാറാനുമാണ് കെനിയൻ സർക്കാരിന്റെ തീരുമാനം. മഗാഡി സന്ദർശനത്തിനിടെയാണ് പ്രസിഡന്റ് വില്യം റുട്ടോ ഇക്കാര്യം പ്രഖ്യാപിച്ചത്.
കെനിയയിലെ തങ്ങളുടെ ഉപകമ്പനിയായ ടാറ്റ കെമിക്കൽസ് മഗാഡി ലിമിറ്റഡ്, കെനിയൻ ഖനന-സമുദ്രകാര്യ മന്ത്രാലയം ആവശ്യപ്പെട്ട എല്ലാ രേഖകളും ഇതിനകം സമർപ്പിച്ചിട്ടുണ്ടെന്ന് ടാറ്റ കെമിക്കൽസ് അറിയിച്ചു. ഓഹരി വിപണിയിൽ സമർപ്പിച്ച റിപ്പോർട്ടിലൂടെയാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. ജൂലൈ 28-ന് മന്ത്രാലയത്തിൽ നിന്ന് ലഭിച്ച ഔദ്യോഗിക കത്തിനുള്ള മറുപടിയായി ഓഗസ്റ്റ് 11-ന് തന്നെ വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും രേഖകളും കൈമാറിയിട്ടുണ്ടെന്നും കമ്പനിയുടെ പ്രവർത്തനം നിയമങ്ങൾ പൂർണമായി പാലിച്ചാണെന്നും ടാറ്റ ആവർത്തിച്ചു. ഈ രേഖകൾ പരിശോധിച്ച ശേഷം മന്ത്രാലയം നൽകുന്ന തുടർനിർദേശങ്ങൾക്കായി കാത്തിരിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.
അതേസമയം, ടാറ്റ കെമിക്കൽസ് കാലങ്ങളായി കെനിയയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും കജിയാഡോ പ്രദേശത്തിന് ഇതിലൂടെ യാതൊരു ഗുണവും ലഭിച്ചിട്ടില്ലെന്നാണ് പ്രസിഡന്റ് റുട്ടോയുടെ പ്രധാന വിമർശനം. നൂറ് വർഷമായി ടാറ്റ കമ്പനിക്ക് ഇവിടെ കരാറുണ്ടെങ്കിലും കജിയാഡോയിൽ കാര്യമായ വികസനം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. ടാറ്റയ്ക്ക് പകരം കജിയാഡോയിൽ ഉൽപ്പാദന യൂണിറ്റുകൾ സ്ഥാപിക്കാൻ തയ്യാറുള്ള പുതിയ കമ്പനികളെ കൊണ്ടുവരുമെന്നും റുട്ടോ പറഞ്ഞു. വലിയൊരു ഗ്ലാസ് കമ്പനിയും രാസവസ്തുക്കൾ നിർമിക്കുന്ന മറ്റൊരു കമ്പനിയും ഇവിടെ സ്ഥാപിക്കണമെന്ന നിലപാടും അദ്ദേഹം മുന്നോട്ടുവച്ചു.
2005-ൽ ഫാക്ടറി ഏറ്റെടുത്തത് മുതൽ മഗാഡിയിലെ പ്രവർത്തനം തങ്ങളുടെ ബിസിനസിന്റെയും കെനിയൻ സമ്പദ്വ്യവസ്ഥയുടെയും പ്രധാന ഭാഗമാണെന്ന് ടാറ്റ കെമിക്കൽസ് വ്യക്തമാക്കി. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമപരമായ മാർഗങ്ങളിലൂടെ കെനിയൻ അധികാരികളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും കമ്പനി അറിയിച്ചു. ജീവനക്കാരുടെയും മഗാഡിയിലെ ജനങ്ങളുടെയും ക്ഷേമത്തിനും കെനിയയുടെ സാമ്പത്തിക വികസനത്തിനുമാണ് മുൻഗണന നൽകുന്നതെന്നും ടാറ്റ കൂട്ടിച്ചേർത്തു.
കെനിയയിലെ ഈ പ്രതിസന്ധി ഇന്ത്യയിലെ ടാറ്റ കെമിക്കൽസിന്റെ ഓഹരികളെയും ബാധിച്ചു. പ്രസിഡന്റ് റുട്ടോയുടെ പ്രഖ്യാപനത്തിന് പിന്നാലെ വെള്ളിയാഴ്ച ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരികൾ മൂന്ന് ശതമാനം ഇടിഞ്ഞ് 625 രൂപയിലെത്തി.
