Home Sportsവൈഭവ് കാത്തിരിക്കട്ടെ; അടുത്ത 10 ടി20യിലും സഞ്ജുവും അഭിഷേകും ഓപ്പൺ ചെയ്യണം — എസ്. ബദരീനാഥ്

വൈഭവ് കാത്തിരിക്കട്ടെ; അടുത്ത 10 ടി20യിലും സഞ്ജുവും അഭിഷേകും ഓപ്പൺ ചെയ്യണം — എസ്. ബദരീനാഥ്

by news_desk1
0 comments

ചെന്നൈ: ഇന്ത്യൻ ടി20 ടീമിലെ ഓപ്പണർമാരെ അടിക്കടി മാറ്റുന്ന സെലക്ഷൻ രീതിക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം എസ്. ബദരീനാഥ്. മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശർമ്മയും കുറഞ്ഞത് അടുത്ത 10 ടി20 മത്സരങ്ങളിലെങ്കിലും തുടർച്ചയായി ഓപ്പണർമാരായി കളിക്കണമെന്നാണ് ബദരീനാഥിന്റെ ആവശ്യം. 15-കാരനായ യുവതാരം വൈഭവ് സൂര്യവംശിക്ക് അവസരത്തിനായി കുറച്ചുകൂടി കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത 10 ടി20 മത്സരങ്ങളിലും അഭിഷേക് ശർമ്മയും സഞ്ജു സാംസണും തന്നെ ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യണമെന്ന് ബദരീനാഥ് വ്യക്തമാക്കി. അതിന് ശേഷവും സഞ്ജു പരാജയപ്പെടുകയാണെങ്കിൽ മാത്രം അദ്ദേഹത്തെ ഒഴിവാക്കി വൈഭവ് സൂര്യവംശിയെ ടീമിലേക്ക് പരിഗണിക്കാമെന്നാണ് നിലപാട്. ഓരോ പരമ്പരയിലും താരങ്ങളെ മാറിമാറി പരീക്ഷിക്കുന്നത് സഞ്ജുവിനോട് കാണിക്കുന്ന അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ സഞ്ജുവിനെ പെട്ടെന്ന് ഒഴിവാക്കി മറ്റൊരു യുവതാരത്തെ ടീമിലെത്തിക്കേണ്ട ആവശ്യമില്ലെന്നും ബദരീനാഥ് ചൂണ്ടിക്കാട്ടി. സഞ്ജു ലോകകപ്പ് നേടിയ ടീമിലെ പ്രധാന താരമാണെന്നും അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യിൽ 22 പന്തിൽ 57 റൺസ് നേടി മികച്ച പ്രകടനം നടത്തിയെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഈ വർഷം അവസാനിക്കുന്നതുവരെയെങ്കിലും സഞ്ജുവിന് തുടർച്ചയായി അവസരം നൽകണമെന്നും അതിന് ശേഷമേ താരത്തെക്കുറിച്ച് തീരുമാനമെടുക്കാവൂവെന്നും ബദരീനാഥ് കൂട്ടിച്ചേർത്തു. യൂട്യൂബ് ചാനലായ ‘ക്രിക് ഇറ്റ് വിത്ത് ബദ്രി’യിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സിംബാബ്‌വെ പര്യടനത്തിൽ മികച്ച പ്രകടനം നടത്തി പരമ്പരയിലെ താരമായ വൈഭവ് സൂര്യവംശിയെ അഫ്ഗാനിസ്ഥാനെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങളിലും ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ 2-0ന് മുന്നിലാണ്.

ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന അവസാന ടി20യിൽ വിജയിച്ച് പരമ്പര തൂത്തുവാരാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

You may also like