Home Kerala‘മുടി വെട്ടാൻ പറയേണ്ട’; ഇഷ്ടാനുസരണം വളർത്താം, വിദ്യാർഥികളെ ശിക്ഷിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ

‘മുടി വെട്ടാൻ പറയേണ്ട’; ഇഷ്ടാനുസരണം വളർത്താം, വിദ്യാർഥികളെ ശിക്ഷിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ

by news_desk1
0 comments

തിരുവനന്തപുരം: ആൺകുട്ടികൾക്കും ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും അവരുടെ ഇഷ്ടാനുസരണം തലമുടി വളർത്താൻ സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. മുടിയുടെ നീളത്തിന്റെ പേരിൽ വിദ്യാർഥികളെ മാനസികമായി ബുദ്ധിമുട്ടിക്കുകയോ വിവേചനപരമായി പെരുമാറുകയോ ശിക്ഷാ നടപടികൾക്ക് വിധേയരാക്കുകയോ ചെയ്യരുതെന്നും കമ്മീഷൻ നിർദേശിച്ചു.

കുട്ടികൾ കണ്ണുകളോ മുഖമോ മറയാത്ത രീതിയിലും വൃത്തിയായും സുരക്ഷിതമായും മുടി സൂക്ഷിക്കണം. ലബോറട്ടറി പ്രവർത്തനങ്ങൾ, കായിക മത്സരങ്ങൾ, പ്രാക്ടിക്കൽ ക്ലാസുകൾ തുടങ്ങിയവയിൽ പങ്കെടുക്കുമ്പോൾ സുരക്ഷ മുൻനിർത്തി മുടി നിർബന്ധമായും കെട്ടിവയ്ക്കുകയോ ഹെയർ ബാൻഡ് ഉപയോഗിച്ച് ഒതുക്കിവയ്ക്കുകയോ വേണം.

ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിലുള്ള രാസവസ്തുക്കളും നിറങ്ങളും മുടിയിൽ ഉപയോഗിക്കുന്നത് ഗുണകരമല്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ലിംഗനിർണയം നടത്തിയിട്ടില്ലാത്ത കുട്ടികൾക്ക് അവരുടെ താൽപര്യത്തിനനുസരിച്ച് മുടി പരിപാലിക്കുന്നതിനും വസ്ത്രധാരണരീതി തിരഞ്ഞെടുക്കുന്നതിനും പൂർണ്ണ അവകാശമുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കി.

മുടിയുടെ നീളമോ അതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളോ ചൂണ്ടിക്കാട്ടി സ്കൂൾ അധികൃതർ ആൺകുട്ടികളെയും ട്രാൻസ്‌ജെൻഡർ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കുകയോ ക്ലാസിൽ നിന്ന് മാറ്റിനിർത്തുകയോ വിവേചനപരമായി പെരുമാറുകയോ മറ്റ് ശിക്ഷാ നടപടികൾക്ക് വിധേയരാക്കുകയോ ചെയ്യരുതെന്ന് കമ്മീഷൻ അംഗം പി. ഷാജേഷ് ഭാസ്കർ ഉത്തരവിട്ടു.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പോ സി.ബി.എസ്.ഇയോ ഈ വിഷയത്തിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കിയതായി കാണുന്നില്ലെന്നും കമ്മീഷൻ പറഞ്ഞു. വിഷയം സംബന്ധിച്ച് അടിയന്തരമായി മാർഗനിർദേശങ്ങൾ തയ്യാറാക്കണം. ഇതിനായി രൂപീകരിക്കുന്ന സമിതിയിൽ ആൺകുട്ടികളെയും ലിംഗനിർണയം നടത്താത്ത കുട്ടികളെയും ഉൾപ്പെടുത്തി അവരുടെ അഭിപ്രായങ്ങൾ കൂടി കേട്ടശേഷം മുടി വളർത്തുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ വിദ്യാലയങ്ങൾക്ക് നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

വിദ്യാർഥികളുടെ ബാഹ്യരൂപത്തേക്കാൾ പഠന പുരോഗതിക്കും വ്യക്തിത്വവികാസത്തിനുമാണ് സ്കൂൾ അധികൃതർ മുൻഗണന നൽകേണ്ടതെന്നും കമ്മീഷൻ വ്യക്തമാക്കി. കമ്മീഷന്റെ ശിപാർശയുടെ അടിസ്ഥാനത്തിൽ എതിർകക്ഷികൾ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് 45 ദിവസത്തിനകം സമർപ്പിക്കണമെന്നും നിർദേശമുണ്ട്.

കേരളത്തിലെ വിദ്യാലയങ്ങൾ ജെൻഡർ ന്യൂട്രൽ ആണെന്ന് അവകാശപ്പെടുമ്പോഴും ആൺകുട്ടികളോടും ലിംഗനിർണയം നടത്താത്ത കുട്ടികളോടും വിവേചനപരമായി പെരുമാറുന്നുവെന്നും തലമുടി നീട്ടി വളർത്തുന്ന ആൺകുട്ടികളെ സ്കൂൾ അധികൃതർ കുറ്റവാളികളെപ്പോലെ കാണുന്നുവെന്നും ആരോപിച്ച് രാമനാട്ടുകര സ്വദേശി ഇന്ദു മേനോൻ നൽകിയ ഹർജിയാണ് കമ്മീഷൻ പരിഗണിച്ചത്.

പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയോട് പലതവണ മുടി വെട്ടി വരാൻ ആവശ്യപ്പെട്ടിട്ടും കുട്ടി തയ്യാറാകുന്നില്ലെന്നും ഇത്തരം സാഹചര്യങ്ങളിൽ എന്ത് തീരുമാനം സ്വീകരിക്കണമെന്നതിൽ മാർഗനിർദേശം വേണമെന്നും ചൂണ്ടിക്കാട്ടി കോട്ടക്കൽ സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പലും ഹർജി നൽകിയിരുന്നു. രണ്ട് ഹർജികളും പരിഗണിച്ച ശേഷമാണ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.

You may also like