തിരുവനന്തപുരം: ആളൊഴിഞ്ഞ പുരയിടം ലക്ഷ്യമിട്ട് രാത്രിയിൽ ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. മാറനല്ലൂർ അരുമാളൂരിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ച പാറശാല കുറുങ്കുണ്ടി സ്വദേശി സുകു, സുഹൃത്ത് ബിജു എന്നിവരെയാണ് മാറനല്ലൂർ പൊലീസ് പിടികൂടിയത്.
കരമന നെടുങ്കാട് സ്വദേശിയുടെ അരുമാളൂരിലെ പുരയിടത്തിലാണ് പുലർച്ചെ 12.30ഓടെ മോഷണശ്രമം നടന്നത്. ഇവിടെ ആളുകൾ താമസിക്കുന്നില്ലെന്ന് മനസ്സിലാക്കിയായിരുന്നു പ്രതികൾ ചന്ദനമരം മുറിക്കാൻ എത്തിയത്. മരം വീഴുന്ന ശബ്ദം കേട്ട് പുരയിടത്തിന്റെ നോട്ടക്കാരൻ എത്തിയപ്പോഴാണ് രണ്ടുപേർ ചേർന്ന് മരം മുറിച്ചിടുന്നത് കണ്ടത്.
തുടർന്ന് നോട്ടക്കാരൻ വസ്തുവുടമയെയും പൊലീസിനെയും വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ സുകുവിനെ അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജുവും ഒപ്പമുണ്ടായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചത്. ഒളിവിൽ പോയ ബിജുവിനെ അന്വേഷണത്തിനൊടുവിൽ ഇന്ന് പൊലീസ് പിടികൂടി.
മുറിച്ച ചന്ദനമരത്തിന്റെ കഷണങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്ത് വനംവകുപ്പിന് കൈമാറി. ചന്ദനക്കൊള്ള നടത്തുന്ന സംഘങ്ങളുമായി ബന്ധമുള്ളയാളാണ് സുകുവെന്നാണ് പൊലീസിന്റെ അറിയിപ്പ്.
