തിരുവനന്തപുരം: സ്ത്രീകളെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗതമന്ത്രി സി.പി. ജോൺ. തന്റെ വാക്കുകൾ കൂടുതൽ ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതായിരുന്നുവെന്നും, പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സി.യിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയെ കുറിച്ചുള്ള പ്രസംഗമാണ് വിവാദമായത്.
സ്വകാര്യ ബസ് ഉടമകളുടെ സംഘടനയായ കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മന്ത്രിയുടെ പരാമർശം. സ്ത്രീകൾ ദാരിദ്ര്യം അഭിനയിക്കുകയാണെന്നടക്കമുള്ള പരാമർശങ്ങൾ വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് പ്രതിപക്ഷ നേതാക്കളും വിവിധ സംഘടനകളും മന്ത്രിക്കെതിരെ രംഗത്തെത്തി.
സർക്കാരിന് സ്ത്രീകളോട് യാതൊരു തരത്തിലുള്ള വിവേചനവുമില്ലെന്നും, സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര അവരുടെ അവകാശമാണെന്നും മന്ത്രി വ്യക്തമാക്കി. ഖേദപ്രകടനം മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനെ തുടർന്നാണോയെന്ന ചോദ്യത്തിന്, ആരും അങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പ്രിയദർശിനി പദ്ധതി യു.ഡി.എഫിന്റെ ആശയത്തിൽ രൂപംകൊണ്ടതും അഭിമാനകരവുമായ പദ്ധതിയാണെന്നും, അത് തുടർന്നും ശക്തമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി പിൻവലിക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ ഇപ്പോഴും കടുത്ത ദാരിദ്ര്യമുണ്ടെന്നും, അത് ലഘൂകരിക്കാൻ പ്രിയദർശിനി പദ്ധതി സഹായകരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഈ പദ്ധതി കെ.എസ്.ആർ.ടി.സി.യ്ക്ക് അധികബാധ്യതയല്ലെന്നും, യാത്രക്കാരുടെ എണ്ണം വർധിക്കുന്ന മേഖലകളിൽ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. നിലവിലുള്ള ബസുകളുടെ പഴക്കം പരിഹരിക്കുന്നതിനും നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആർ.ടി.സി. ബസിൽ സൗജന്യമായി യാത്ര ചെയ്യുന്ന സ്ത്രീകൾ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുന്നുവെന്നും, ദാരിദ്ര്യം അഭിനയിക്കുകയാണെന്നുമുള്ള മന്ത്രിയുടെ മുൻപരാമർശമാണ് വ്യാപക വിവാദത്തിന് വഴിവെച്ചത്. സർക്കാർ സ്കൂളുകളിൽ ഒഴിവുകളുണ്ടായിട്ടും ഫീസ് നൽകേണ്ട സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ചിലർ തിരഞ്ഞെടുക്കുന്നതെന്നും, സർക്കാർ ആശുപത്രികൾ ഉപയോഗിക്കുന്ന സമീപനത്തെക്കുറിച്ചും മന്ത്രി നടത്തിയ പരാമർശങ്ങൾ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

