കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെയും ബോർഡ് അംഗം എ. അജികുമാറിനെയും വീണ്ടും റിമാൻഡ് ചെയ്തു. 13 ദിവസത്തെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് കൊല്ലം വിജിലൻസ് കോടതി ഇരുവരെയും വീണ്ടും റിമാൻഡ് ചെയ്തത്. ആഗസ്റ്റ് 19 വരെയാണ് പുതിയ റിമാൻഡ് കാലാവധി.
തിരുവനന്തപുരം സ്പെഷ്യൽ ജയിലിൽ കഴിയുന്ന ഇരുവരും ജൂലൈ 23-നാണ് അറസ്റ്റിലായത്. 2019-ലെ സ്വർണക്കൊള്ള കേസ് മറച്ചുവെക്കാനാണ് 2025-ൽ പി എസ് പ്രശാന്ത് അധ്യക്ഷനായിരുന്ന ദേവസ്വം ബോർഡ് സ്വർണപ്പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൈമാറിയതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കണ്ടെത്തൽ.
ഹൈക്കോടതിയെ അറിയിക്കാതെയാണ് സ്വർണം പൂശുന്നതിനായി പാളികൾ വീണ്ടും കൈമാറിയതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കോടതിയുടെ മുൻകൂർ അനുമതി തേടാതിരുന്നത് സാങ്കേതിക പിഴവ് മാത്രമാണെന്നായിരുന്നു പി എസ് പ്രശാന്തിന്റെ വിശദീകരണം.
എന്നാൽ പ്രതികളുടെ വാദങ്ങൾ തള്ളിക്കളഞ്ഞ എസ്ഐടി, ഗൂഢാലോചന ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ അന്വേഷണം തുടരുകയാണ്.

