തിരുവനന്തപുരം: കഴിഞ്ഞ രണ്ട് ദിവസത്തെ ആശ്വാസത്തിന് പിന്നാലെ സംസ്ഥാനത്ത് ഇന്ന് വീണ്ടും വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി. വൈദ്യുതി ആവശ്യകത ഉയർന്നുനിൽക്കുന്നതിനിടെ ഏകദേശം 900 മെഗാവാട്ടിന്റെ കുറവ് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് രാത്രികാല നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി അറിയിച്ചത്.
ഉയർന്ന വൈദ്യുതി ആവശ്യകത നിലനിന്നിരുന്നിട്ടും കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നിരുന്നില്ല. കഴിഞ്ഞ ദിവസത്തെ രാത്രികാല വൈദ്യുതി ആവശ്യകത 5,348 മെഗാവാട്ടായിരുന്നു. ഇന്നലത്തെ ആകെ വൈദ്യുതി ഉപഭോഗം 99.39 ദശലക്ഷം യൂണിറ്റിലെത്തി.
സെപ്റ്റംബറിൽ 18 ദിവസം പിന്നിട്ടപ്പോൾ മൂന്ന് രാത്രികളിൽ മാത്രമാണ് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനായത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാനത്ത് നിയന്ത്രണം ഉണ്ടായിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളിലെ വൈദ്യുതി ഉപഭോഗം കുറഞ്ഞതും പവർ എക്‌സ്‌ചേഞ്ച് വഴി വൈദ്യുതി ലഭ്യത വർധിച്ചതുമാണ് ഈ ദിവസങ്ങളിൽ ആശ്വാസമായത്.
അതേസമയം, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭ്യമാക്കുന്നതിനായി നടത്തിയ ചർച്ചകളുടെ വിവരങ്ങൾ കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം വൈദ്യുതി മന്ത്രിക്ക് കൈമാറിയിട്ടുണ്ട്. വൈദ്യുതി ലഭ്യതയിലെ കുറവ് പരിഹരിക്കുന്നതിനുള്ള നടപടികൾ തുടരുന്നതിനിടെയാണ് ഇന്നത്തെ രാത്രിയിലും നിയന്ത്രണം വേണ്ടിവരുമെന്ന കെഎസ്ഇബിയുടെ അറിയിപ്പ്.
