തളിപ്പറമ്പ്: 300 രൂപയുടെ ഷർട്ട് തിരിച്ചുനൽകാൻ ശ്രമിച്ച 54കാരന് നഷ്ടമായത് 5.78 ലക്ഷം രൂപ. ഓൺലൈനിൽ വാങ്ങിയ ഷർട്ട് മുഷിഞ്ഞ നിലയിൽ ലഭിച്ചതിനെ തുടർന്ന് തിരികെ നൽകാനുള്ള വഴി തേടി ഗൂഗിളിൽ കസ്റ്റമർ കെയർ നമ്പർ തിരഞ്ഞതാണ് തട്ടിപ്പിന് വഴിവെച്ചത്. പൂവം മണിയറമുറ്റത്തെ കുമ്പക്കരവീട്ടിൽ പ്രദീപ്കുമാറിന്റെ 5,78,813 രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്.
കഴിഞ്ഞ മാസം 24നും 26നും ഇടയിലാണ് മൂന്നുതവണയായി പണം തട്ടിയെടുത്തത്. ഓൺലൈൻ പ്ലാറ്റ്ഫോമിൽനിന്നാണ് ഷർട്ട് ഓർഡർ ചെയ്തതെന്ന് പ്രദീപ്കുമാർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. 300 രൂപയുടെ ഷർട്ട് ലഭിച്ച് തുറന്നുനോക്കിയപ്പോൾ മുഷിഞ്ഞ നിലയിലായിരുന്നു. തുടർന്ന് ഷർട്ട് തിരിച്ചയക്കുന്നതിനുള്ള മാർഗം തേടി ഗൂഗിളിൽ തിരച്ചിൽ നടത്തി.
ഇതിനിടെ ഗൂഗിളിൽ കസ്റ്റമർ കെയർ എന്ന പേരിലുള്ള ഒരു സൈറ്റിൽ എത്തുകയും അവിടെ നൽകിയ നമ്പറിൽ ബന്ധപ്പെടുകയും ചെയ്തു. പിന്നാലെ ഓൺലൈൻ തട്ടിപ്പുസംഘം പ്രദീപിനെ വീഡിയോ കോൾ വിളിച്ചു. വസ്ത്രം തിരിച്ചയച്ചാൽ 300 രൂപ ഉടൻ അക്കൗണ്ടിലെത്തിക്കാമെന്ന് സംഘം അറിയിച്ചു. ഇതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആവശ്യപ്പെട്ടു.
തുടർന്ന് എടിഎം കാർഡിന്റെ പിൻ നമ്പറും ഒടിപിയും ആവശ്യപ്പെട്ടതോടെ പ്രദീപ് ഇവ കൈമാറി. പിന്നാലെ നിമിഷങ്ങൾക്കകം ഫെഡറൽ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 5,78,813 രൂപ തട്ടിപ്പുസംഘം പിൻവലിച്ചു. ഭൂമി വിറ്റതിലൂടെ ലഭിച്ച പണമാണ് അക്കൗണ്ടിലുണ്ടായിരുന്നതെന്ന് പരാതിയിൽ പറയുന്നു.
സംഭവത്തിൽ പ്രദീപ്കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
