തിരുവനന്തപുരം: വിവിധ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് മലബാർ മിൽമ യൂണിയൻ പിരിച്ചുവിട്ടു. മലബാർ റൂറൽ ഡെവലപ്‌മെന്റ് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചുള്ള പരാതിയിലാണ് നടപടി. ഗുണനിലവാരമില്ലാത്ത പാൽ സംഭരിച്ചത്, നെയ്യ് മോഷണം, പാലുൽപ്പന്നങ്ങളുടെ സ്റ്റോക്കിൽ ക്രമക്കേട് തുടങ്ങിയ പരാതികളാണ് അന്വേഷണത്തിൽ പരിശോധിച്ചത്.
കാസർകോട് ഡയറിയിൽ ഗുണനിലവാരമില്ലാത്ത പാൽ സംഭരിച്ചതിലൂടെ മിൽമയ്ക്ക് 27.45 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണ്ടെത്തി. മലപ്പുറം ഡയറിയിൽ നെയ്യ് മോഷണം നടത്തിയതായും പാലുൽപ്പന്നങ്ങളുടെ സ്റ്റോക്കിൽ 84.45 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായും അന്വേഷണത്തിൽ വ്യക്തമായി. മലബാർ റൂറൽ ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ രൂപീകരിച്ചതിനുശേഷം ഇതുവരെ ഓഡിറ്റ് നടത്തിയിട്ടില്ലെന്നും കണ്ടെത്തി. മലപ്പുറം ഡയറി ഉദ്ഘാടനത്തിന് 1.50 കോടി രൂപ ചെലവഴിച്ചതായും ഇതേ ഡയറിയിലെ പാലുൽപ്പന്നങ്ങളുടെ സ്റ്റോക്കിൽ കൃത്രിമത്വം നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. മലബാർ മിൽമയുടെ അഡ്മിനിസ്‌ട്രേറ്ററായി ക്ഷീരവികസന വകുപ്പ് വയനാട് ഡെപ്യൂട്ടി ഡയറക്ടർ ചുമതലയേറ്റു.
മലബാർ മേഖല മിൽമ യൂണിയൻ പിരിച്ചുവിട്ട നടപടി ജനാധിപത്യവിരുദ്ധമാണെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. യുഡിഎഫ് രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്നും സംസ്ഥാനത്തെ ക്ഷീരകർഷകരുടെ സഹകരണ പ്രസ്ഥാനം പിടിച്ചെടുക്കുകയാണ് ഇതിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യവിരുദ്ധ നീക്കങ്ങൾക്കെതിരെ ജനങ്ങൾ രംഗത്തുവരണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
