ആലപ്പുഴ: കായംകുളം എംഎസ്എം കോളജ് തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംഘർഷം. എസ്എഫ്ഐയുടെ വിജയാഘോഷത്തിനിടെയാണ് സംഭവം. പ്രവർത്തകർ കായംകുളം ടൗണിലെ കോൺഗ്രസ് ഓഫീസിന് മുന്നിലെത്തിയതോടെ കെഎസ്‌യു–യൂത്ത് കോൺഗ്രസ് പ്രവർത്തകരും വിദ്യാർഥികളും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പിന്നാലെ സംഘർഷം കല്ലേറിലേക്ക് നീങ്ങി. കോൺഗ്രസ് ഓഫീസിൽനിന്ന് വിജയാഘോഷത്തിലേക്ക് കല്ലേറുണ്ടായെന്നാണ് പരാതി. കല്ലേറിൽ വിദ്യാർഥികൾക്കും പൊലീസുകാർക്കും പരിക്കേറ്റു. പൊലീസ് ജീപ്പിന്റെ ചില്ലും തകർന്നു.
കെഎസ്‌യു–യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇഷ്ടികകളും കമ്പുകളുമായി നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെങ്കിലും സ്ഥിതിഗതികൾ പൂർണമായി നിയന്ത്രണവിധേയമായിട്ടില്ല. ചെയർമാൻ സ്ഥാനാർഥിയെ പുറത്താക്കിയെങ്കിലും എംഎസ്എം കോളജ് യൂണിയൻ എസ്എഫ്ഐ നേടിയിരുന്നു.
അതേസമയം, പന്തളം എൻഎസ്എസ് കോളജിലും എസ്എഫ്ഐ–എബിവിപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. യൂണിയൻ തെരഞ്ഞെടുപ്പിൽ 13 സീറ്റിലും എസ്എഫ്ഐ വിജയിച്ചിരുന്നു. ഫലം വന്നതിന് പിന്നാലെയാണ് ഇരുവിഭാഗവും തമ്മിൽ കയ്യാങ്കളിയുണ്ടായത്. പൊലീസ് എത്തിയാണ് പ്രവർത്തകരെ സ്ഥലത്തുനിന്ന് നീക്കിയത്.
