Home Nationalവിദ്യാഭ്യാസത്തിന് മുൻഗണന; വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും വൻ പ്രഖ്യാപനങ്ങൾ

വിദ്യാഭ്യാസത്തിന് മുൻഗണന; വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും വൻ പ്രഖ്യാപനങ്ങൾ

by news_desk1
0 comments

ചെന്നൈ: തമിഴ്നാടിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ആദ്യ ബജറ്റ് ധനമന്ത്രി മരിയ വിൽസൺ നിയമസഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രി വിജയ് നയിക്കുന്ന സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ വിദ്യാഭ്യാസം, സ്ത്രീക്ഷേമം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് മുൻഗണന നൽകിയിരിക്കുകയാണ്. 2031ഓടെ സംസ്ഥാനത്തെ 1.5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ബജറ്റ് അവതരിപ്പിച്ചത്.

വിദ്യാഭ്യാസ മേഖലയ്ക്ക് ഏറ്റവും വലിയ വിഹിതമാണ് ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസ വകുപ്പിന് 44,527 കോടി രൂപയും ഉന്നത വിദ്യാഭ്യാസ വകുപ്പിന് 8,393 കോടി രൂപയും വകയിരുത്തി. 3,734 സർക്കാർ സ്കൂളുകളുടെ നവീകരണത്തിനായി 300 കോടി രൂപയും 10,000 സ്കൂളുകളിൽ ശുചിത്വവും സുരക്ഷയും ഉറപ്പാക്കുന്ന ‘സൂപ്പർ ക്ലീൻ, സൂപ്പർ ക്യാമ്പസ്’ പദ്ധതിക്കായി 139 കോടി രൂപയും അനുവദിച്ചു.

കോളേജ് വിദ്യാർത്ഥികൾക്കായി ‘വെട്രി ലാപ്ടോപ്പ് പദ്ധതി’ പ്രഖ്യാപിച്ച ബജറ്റിൽ, സൗജന്യ താമസവും പഠനവും ഉറപ്പാക്കുന്ന പെരുന്തലൈവർ കാമരാജർ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്ക് 125 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

മധുരയിൽ പുതിയ സ്പെഷ്യൽ ലോ കോളേജും 90 കോടി രൂപ ചെലവിൽ അഞ്ച് പുതിയ ഐ.ടി.ഐകളും ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം പുനഃസ്ഥാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഔദ്യോഗികമായി ആവശ്യപ്പെടുമെന്നും ധനമന്ത്രി അറിയിച്ചു.

സ്ത്രീകൾക്കായി നിരവധി ക്ഷേമപദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗർഭിണികൾക്കും നവവധുക്കൾക്കും ധനസഹായം നൽകുന്ന പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സ്ത്രീകളുടെ സുരക്ഷയ്ക്കായി ദ്രുതപ്രതികരണ സേന രൂപീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. കൂടാതെ 200 യൂണിറ്റ് സൗജന്യ വൈദ്യുതി ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും ബജറ്റിൽ ഉറപ്പുനൽകി.

സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത വർധിച്ച സാഹചര്യത്തിൽ മദ്യ ഉത്പാദന കേന്ദ്രങ്ങൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തി ഏകദേശം 1,000 കോടി രൂപയുടെ അധിക വരുമാനം സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ടെൻഡർ നടപടികൾ കൂടുതൽ സുതാര്യമാക്കുമെന്നും ബജറ്റിൽ വ്യക്തമാക്കുന്നു.

You may also like