കൊച്ചി: സംസ്ഥാന ബജറ്റിൽ സ്വകാര്യ ബസ് മേഖലയ്ക്ക് പ്രഖ്യാപിച്ച ത്രൈമാസ നികുതിയിലെ 50 ശതമാനം ഇളവ് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഈ ഇളവ് കൊണ്ട് സാധിക്കില്ലെന്നും, സാഹചര്യം തുടർന്നാൽ ജൂൺ 30ഓടെ നിരവധി ബസുകളുടെ സർവീസ് നിർത്തേണ്ടിവരുമെന്നും അവർ മുന്നറിയിപ്പ് നൽകി.
50 ശതമാനം നികുതി ഇളവ് പ്രഖ്യാപിച്ചെങ്കിലും ഒരു ബസിന് പ്രതിദിനം ലഭിക്കുന്ന ആശ്വാസം 106.50 രൂപ മുതൽ 142.50 രൂപ വരെ മാത്രമാണെന്ന് ബസ് ഉടമകൾ വ്യക്തമാക്കി. സർക്കാരിന്റെ കണക്കിൽ ഇത് വലിയ പ്രഖ്യാപനമായിരിക്കാമെങ്കിലും പ്രവർത്തനച്ചെലവുകൾ കണക്കിലെടുക്കുമ്പോൾ വലിയ നേട്ടമൊന്നും ലഭിക്കുന്നില്ലെന്നാണ് അവരുടെ നിലപാട്.
സ്ത്രീകൾക്കായി കെഎസ്ആർടിസി നടത്തുന്ന സൗജന്യ യാത്രാ പദ്ധതിയുടെ ഭാഗമായി സ്വകാര്യ ബസുകൾക്ക് പ്രതിദിനം 1,000 രൂപ മുതൽ 6,000 രൂപ വരെ വരുമാന നഷ്ടമുണ്ടാകുന്നതായും അവർ ആരോപിച്ചു. സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാൻ തങ്ങൾക്ക് എതിർപ്പില്ലെന്നും, എന്നാൽ കെഎസ്ആർടിസിക്ക് നൽകുന്നതുപോലെ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു.
സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധികൾ സംബന്ധിച്ച് മുഖ്യമന്ത്രിയെ പലതവണ നേരിൽ കണ്ട് അറിയിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ പരിഗണന ലഭിച്ചില്ലെന്നാണ് അവരുടെ ആരോപണം. കെഎസ്ആർടിസി സർവീസ് ഇല്ലാത്ത റൂട്ടുകളിലാണ് നിലവിൽ സ്വകാര്യ ബസുകൾക്ക് പിടിച്ചുനിൽക്കാൻ കഴിയുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതിൽ സർക്കാർ തയ്യാറാകുന്നില്ലെന്നും, വിദ്യാർഥി കൺസെഷൻ തുടരുകയാണെന്നും, ഡീസൽ സബ്സിഡി പ്രഖ്യാപിച്ചിട്ടില്ലെന്നും ബസ് ഉടമകൾ വിമർശിച്ചു. സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിന് സർക്കാർ വ്യക്തമായ നയം സ്വീകരിക്കണമെന്നും ഇരട്ടനയം അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം, നിലവിൽ സമരപരിപാടികൾ പ്രഖ്യാപിക്കാനുള്ള തീരുമാനം എടുത്തിട്ടില്ലെന്നും, എന്നാൽ പ്രതിസന്ധി തുടർന്നാൽ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല ഗുരുതരമായ തകർച്ച നേരിടുമെന്ന ആശങ്ക നിലനിൽക്കുന്നതായും ബസ് ഉടമകൾ വ്യക്തമാക്കി.

