Home Top Stories‘ഒരു സർക്കാരും നേരിടാത്ത സാമ്പത്തിക പ്രതിസന്ധി’; പുതുയുഗ കേരളത്തിലേക്കുള്ള യാത്ര ആരംഭിച്ചെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

‘ഒരു സർക്കാരും നേരിടാത്ത സാമ്പത്തിക പ്രതിസന്ധി’; പുതുയുഗ കേരളത്തിലേക്കുള്ള യാത്ര ആരംഭിച്ചെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

by news_desk1
0 comments

തിരുവനന്തപുരം: ഒരു സർക്കാരും നേരിടാത്ത സാമ്പത്തിക പ്രതിസന്ധിയാണ് നിലവിലെ സർക്കാർ നേരിടുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഒരു നികുതിയും വർധിപ്പിക്കാതെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പുതുയുഗ കേരളത്തിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനസംഖ്യാ ഘടനയിൽ അസാധാരണമായ മാറ്റമാണ് സംസ്ഥാനത്ത് സംഭവിച്ചിട്ടുള്ളതെന്നും ഇതുവരെ അതുസംബന്ധിച്ച സമഗ്ര പഠനം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യുവത്വത്തെ കേരളത്തിൽ നിലനിർത്താനും അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മിഷൻ സമുദ്ര കേരളം സംസ്ഥാനത്തെ ഒരു വലിയ തുറമുഖ ശൃംഖലയാക്കി മാറ്റാനുള്ള സ്വപ്ന പദ്ധതിയാണെന്നും സിൽവർ ഇക്കോണമി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയോജനങ്ങളെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഭൂമികൾ കണ്ടെത്തി ലാൻഡ് പോളിസിയിലൂടെ നിക്ഷേപകർക്ക് ലഭ്യമാക്കാനുള്ള പദ്ധതികളും, 1500 മെഗാവാട്ട് വൈദ്യുതി ഉത്പാദന സാധ്യതയുള്ള പദ്ധതികളും ഊർജ മേഖലയിൽ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് പ്രത്യേക ബ്രാൻഡ് രൂപീകരിക്കുമെന്നും എം.ടി. വാസുദേവൻ നായരുടെ സ്മരണയ്ക്കായി കൾച്ചറൽ പാർക്ക് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്ന തീരുമാനവും മുഖ്യമന്ത്രി ആവർത്തിച്ചു. കേരളത്തിൽ കൂടുതൽ സിനിമാ ചിത്രീകരണങ്ങൾ നടക്കണമെന്നും അത്യാധുനിക ഫിലിം സിറ്റിയായ ചിത്രനഗരം യാഥാർഥ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന ബജറ്റാണെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനം ശരിയാണെന്നും സ്വകാര്യ നിക്ഷേപം കൊണ്ടുവന്ന് വികസനം ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യവത്കരണം നടത്തുമെന്ന് സർക്കാർ എവിടെയും പറഞ്ഞിട്ടില്ലെന്നും എല്ലാ മേഖലകളിലും കരാർ ജീവനക്കാരാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിഎ കുടിശിക വിഷയത്തിൽ പ്രതിപക്ഷ നേതാവിനെ വിമർശിച്ച മുഖ്യമന്ത്രി, കുടിശികയുടെ ഉത്തരവാദിത്തം മുൻ സർക്കാരിനാണെന്നും സർക്കാർ ഡിഎ കുടിശിക നൽകില്ലെന്ന് പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി.

വീര്യം കുറഞ്ഞ മദ്യത്തിന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുക എന്നത് മുൻ എൽഡിഎഫ് സർക്കാരിന്റെ തീരുമാനമായിരുന്നുവെന്നും അവർ നികുതി നിരക്ക് നിശ്ചയിച്ചിരുന്നില്ലെന്നും നിലവിലെ സർക്കാർ അതിന് നികുതി നിരക്ക് നിശ്ചയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കാർഷിക ഉത്പന്നങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കാമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും പത്ത് വർഷത്തിനിടെ ഒരു ലിറ്റർ പോലും ഉത്പാദിപ്പിച്ചില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.

ലൈഫ് മിഷൻ പദ്ധതിയെക്കുറിച്ച് ബജറ്റിൽ പരാമർശമില്ലെന്നും, ലൈഫ് പദ്ധതി വന്നതോടെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് നൽകുന്ന വീടുകളുടെ എണ്ണം കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി പദ്ധതി അവസാനിപ്പിക്കില്ലെങ്കിലും നിലവിലെ മാതൃക തുടരാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പിഎം ശ്രീ പദ്ധതിയിലും മുഖ്യമന്ത്രി പ്രതികരിച്ചു. പദ്ധതി ഒപ്പുവെച്ചത് മുൻ പിണറായി വിജയൻ സർക്കാരാണെന്നും പിന്നീട് മരവിപ്പിക്കാൻ കത്ത് നൽകിയെങ്കിലും പിന്മാറാനുള്ള വ്യവസ്ഥ അതിലില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് പദ്ധതിയിൽ നിന്ന് പിന്മാറാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും പിഎം ശ്രീയിൽ തുടരാൻ സർക്കാർ നിർബന്ധിതമായെന്നും അദ്ദേഹം വ്യക്തമാക്കി. പാഠ്യപദ്ധതിയെ ബാധിക്കുന്ന യാതൊരു ഇടപെടലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശൻ കൂട്ടിച്ചേർത്തു.

You may also like