Home Top Storiesകനത്ത മഴ; 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, കണ്ണൂരിൽ പ്രൊഫഷണൽ കോളേജുകൾക്ക് ബാധകമല്ല

കനത്ത മഴ; 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, കണ്ണൂരിൽ പ്രൊഫഷണൽ കോളേജുകൾക്ക് ബാധകമല്ല

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിടാതെ തുടരുന്ന കനത്ത മഴയെ തുടർന്ന് ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (05-08-2026) അവധി പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, വയനാട്, കണ്ണൂർ, കോഴിക്കോട്, എറണാകുളം, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അങ്കണവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും അവധി അനുവദിച്ചിട്ടുണ്ട്.

മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾ, സർവകലാശാല പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയ്ക്ക് മാറ്റമില്ല. കാസർകോട് ജില്ലയിൽ കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

ഏറ്റവും പുതിയ റഡാർ ചിത്രങ്ങൾ പ്രകാരം കാസർകോട് ജില്ലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ:
മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രകളും വിനോദയാത്രകളും ഒഴിവാക്കണം. പുഴകൾ, അരുവികൾ, വെള്ളച്ചാട്ടങ്ങൾ എന്നിവിടങ്ങളിൽ ഇറങ്ങുകയോ കുളിക്കുകയോ മീൻപിടിക്കുകയോ ചെയ്യരുത്. ജലനിരപ്പ് പെട്ടെന്ന് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയോരങ്ങളിലും കരകവിഞ്ഞൊഴുകുന്ന പാലങ്ങളിലുമായി സെൽഫിയെടുക്കുന്നതും കൂട്ടംകൂടി നിൽക്കുന്നതും ഒഴിവാക്കണം. പൊട്ടിവീണ മരച്ചില്ലകളോ വൈദ്യുതി ലൈനുകളോ കണ്ടാൽ തൊടാതെ കെ.എസ്.ഇ.ബിയെയോ ദുരന്തനിവാരണ അതോറിറ്റിയെയോ ഉടൻ അറിയിക്കണം. ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമ്പോൾ ജനലുകൾക്കും ടെറസുകൾക്കും സമീപം നിൽക്കരുത്. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ അൺപ്ലഗ് ചെയ്യുകയും അപകടസാധ്യതയുള്ള വീടുകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശമനുസരിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറുകയും വേണം. റോഡുകളിൽ വെള്ളക്കെട്ടും റോഡ് തകർച്ചയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും താഴ്ന്ന പാലങ്ങളിലൂടെയോ വെള്ളക്കെട്ടുള്ള റോഡുകളിലൂടെയോ യാത്ര ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.

You may also like