ഹൈദരാബാദ്: നഗരത്തിലെ വിവിധയിടങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിൽ 25,000 കിലോയിലധികം മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടിച്ചെടുത്തു. ഹൈദരാബാദ് പൊലീസ് കമ്മീഷണർ വി.സി. സജ്ജനാറിന്റെ നേതൃത്വത്തിലുള്ള ഹൈദരാബാദ് ഫുഡ് അഡൾട്ടറേഷൻ സർവൈലൻസ് ടീം (HFAST) നടത്തിയ റെയ്ഡിലാണ് വൻതോതിലുള്ള മായംകലർത്തൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊതുജനങ്ങളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ പ്രത്യേകസംഘം നഗരത്തിലെ 13-ഓളം വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. സുഗന്ധവ്യഞ്ജനങ്ങളുടെ മൊത്തവ്യാപാര കേന്ദ്രങ്ങൾ ഉൾപ്പെടെ പരിശോധന നടത്തിയപ്പോഴാണ് ആരോഗ്യത്തിന് ഹാനികരമായ വിവിധ രാസവസ്തുക്കൾ കലർത്തിയതായി കണ്ടെത്തിയത്. വ്യവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മാരകമായ നിറങ്ങൾ, ചായങ്ങൾ, ടാൽക്കം പൗഡർ എന്നിവയാണ് സുഗന്ധവ്യഞ്ജനങ്ങളിൽ കലർത്തിയിരുന്നത്.
ഗുണനിലവാരം കുറഞ്ഞ കടുകിൽ തുണികൾക്ക് ഉപയോഗിക്കുന്ന ചായം, ടാൽക്കം പൗഡർ, എണ്ണ എന്നിവ ചേർത്ത് കൃത്രിമമായി തിളക്കവും തൂക്കവും വർധിപ്പിച്ചിരുന്നതായും കണ്ടെത്തി. ഗ്രാമ്പൂ, ജീരകം തുടങ്ങിയവയിൽ തിളക്കം കൂട്ടുന്നതിനായി സിന്തറ്റിക് നിറങ്ങളും ചായങ്ങളും ഉപയോഗിച്ചിരുന്നതായും പരിശോധനയിൽ വ്യക്തമായി.
ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തുന്നതിനായി പൊലീസ്, ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് രൂപീകരിച്ച പ്രത്യേകസംഘം ഇക്കഴിഞ്ഞ മാർച്ചുമുതൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതുവരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 659 റെയ്ഡുകൾ നടത്തിയ സംഘം 202 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുകയും 246 ടൺ മായംകലർന്ന ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു.
ഭക്ഷ്യവസ്തുക്കളിൽ മായംകലർത്തുന്ന ശൃംഖല പൂർണമായും ഇല്ലാതാക്കുന്നതുവരെ പരിശോധനകൾ ശക്തമായി തുടരുമെന്ന് സംഘത്തിന് നേതൃത്വം നൽകുന്ന വി.സി. സജ്ജനാർ അറിയിച്ചു.

