ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്തെ അണിയറ സംഭവങ്ങൾ വെളിപ്പെടുത്തുന്ന പുതിയ പുസ്തകം പുറത്തിറങ്ങുന്നു. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർമാരായ മാഗി ഹെബർമാനും ജൊനാതൻ സ്വാനും ചേർന്നെഴുതിയ ദി റെജിം ചേഞ്ച് എന്ന പുസ്തകത്തിലാണ് ട്രംപുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
ട്രംപിന്റെ രണ്ടാം ഭരണകാലത്തെ ആദ്യ 14 മാസങ്ങളിലെ സംഭവങ്ങളാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. നിയന്ത്രണങ്ങളില്ലാതെ അധികാരം വിനിയോഗിക്കുന്ന വ്യക്തിയായി ട്രംപിനെ പുസ്തകം ചിത്രീകരിക്കുന്നു. ആസൂത്രണമില്ലാത്ത തീരുമാനങ്ങൾ, ആലോചിക്കാതെയുള്ള പ്രതികരണങ്ങൾ, രാഷ്ട്രീയ എതിരാളികൾക്കെതിരായ നീക്കങ്ങൾ, അടുത്ത അനുയായികളോടുള്ള അസാധാരണ ഇടപെടലുകൾ തുടങ്ങിയ നിരവധി സംഭവങ്ങൾ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. എപ്സ്റ്റീൻ വിവാദവും ഇറാനുമായി ബന്ധപ്പെട്ട യുദ്ധ തീരുമാനങ്ങളുടെ പശ്ചാത്തലവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മൂന്ന് വർഷത്തിനിടെ ആയിരത്തിലധികം പേരുമായി നടത്തിയ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പുസ്തകം തയ്യാറാക്കിയതെന്ന് എഴുത്തുകാർ വ്യക്തമാക്കുന്നു. 2026 മാർച്ചിൽ ട്രംപുമായി നടത്തിയ ഒരു മണിക്കൂർ നീണ്ട അഭിമുഖവും ദൈനംദിന റിപ്പോർട്ടിംഗിനിടെ നടന്ന സംഭാഷണങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
‘ഹിറ്റ്‌ലറേക്കാൾ ശക്തൻ ഞാനാണ്’
ഒരു അഭിമുഖത്തിനിടെ ഹിറ്റ്‌ലർ, ചെങ്കിസ് ഖാൻ, സ്റ്റാലിൻ, മാവോ, നെപ്പോളിയൻ തുടങ്ങിയ ഭരണാധികാരികളേക്കാൾ താൻ ശക്തനാണെന്ന് പറയുന്ന ഒരു കുറിപ്പ് ട്രംപ് മാധ്യമപ്രവർത്തകർക്ക് കാണിച്ചതായി പുസ്തകം പറയുന്നു. ആഗോളതലത്തിൽ തനിക്കുള്ള സ്വാധീനം ഇവരേക്കാൾ വലുതാണെന്ന് ട്രംപ് പ്രതികരിച്ചതായും പുസ്തകത്തിൽ പറയുന്നു.
ആ കുറിപ്പ് ഒരു ചരിത്രകാരൻ എഴുതിയതാണെന്നായിരുന്നു ട്രംപിന്റെ വിശദീകരണം. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ അത് ട്രംപിന്റെ സുഹൃത്തായ ഒരു ഗോൾഫ് കളിക്കാരനാണ് തയ്യാറാക്കിയതെന്ന് എഴുത്തുകാർ കണ്ടെത്തിയതായും പുസ്തകത്തിൽ പരാമർശിക്കുന്നു.
വൈറ്റ് ഹൗസിലെ സ്വർണ അലങ്കാരങ്ങളും സൂപ്പർ ഗ്ലൂവും
അധികാരമേറ്റതിന് പിന്നാലെ വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നിരവധി സ്വർണ നിറത്തിലുള്ള അലങ്കാരങ്ങൾ സ്ഥാപിച്ചുവെന്നാണ് പുസ്തകത്തിലെ മറ്റൊരു പരാമർശം. ഒരു ഘട്ടത്തിൽ ട്രംപ് തന്നെ സൂപ്പർ ഗ്ലൂ ഉപയോഗിച്ച് മാർബിൾ ഫയർപ്ലേസിന് മുകളിൽ സ്വർണ അലങ്കാര വസ്തുക്കൾ ഒട്ടിക്കുന്നത് കണ്ടതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞതായി പുസ്തകത്തിൽ പറയുന്നു.
‘നെതന്യാഹു തട്ടിപ്പുകാരൻ’
ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ ഇടപെടുന്നതിനെക്കുറിച്ച് ട്രംപിന് തുടക്കത്തിൽ മടിയുണ്ടായിരുന്നുവെന്നും പുസ്തകം പറയുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ ഒരു ഉപദേശകനോട് ‘തട്ടിപ്പുകാരൻ’ എന്ന് ട്രംപ് വിശേഷിപ്പിച്ചതായും പുസ്തകത്തിൽ വെളിപ്പെടുത്തുന്നു.
യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയോടുള്ള ട്രംപിന്റെ സമീപനത്തെക്കുറിച്ചും പുസ്തകത്തിൽ പരാമർശങ്ങളുണ്ട്.
‘നീ ഇപ്പോൾ ഭീരുവാണ്’
അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്കിനോട് ട്രംപ് നടത്തിയ കടുത്ത പരാമർശങ്ങളും പുസ്തകത്തിലുണ്ട്. ഒരിക്കൽ കഠിനാധ്വാനിയായിരുന്നുവെങ്കിലും ഇപ്പോൾ ദുർബലനായി മാറിയെന്നും “നീ മുമ്പ് ഒരു കില്ലറായിരുന്നു, ഇപ്പോൾ ഒരു ഭീരുവാണ്” എന്നും ട്രംപ് പറഞ്ഞതായി പുസ്തകം വ്യക്തമാക്കുന്നു.
ശത്രുവിനെ കണ്ടെത്താൻ ഗൂഗിൾ തിരച്ചിൽ
2020ലെ അമേരിക്കൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഏജൻസി മേധാവി ക്രിസ് ക്രെബ്സിനെതിരെ നടപടി സ്വീകരിക്കാൻ ട്രംപ് നിർദേശിച്ച സംഭവവും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരു ഉന്നതതല യോഗത്തിനിടെ ക്രെബ്സിന്റെ പേര് ഓർമ്മ വരാതിരുന്നതിനാൽ ഗൂഗിളിൽ തിരഞ്ഞ് കണ്ടെത്തിയ ശേഷം അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാൻ നീതിന്യായ വകുപ്പിനോട് ആവശ്യപ്പെട്ടുവെന്നാണ് പുസ്തകത്തിലെ മറ്റൊരു വെളിപ്പെടുത്തൽ.

