Home Internationalഅമേരിക്കൻ ബി-1, ബി-2 വിസയ്ക്ക് ഇനി 20,000 ഡോളർ വരെ ബോണ്ട്; പുതിയ നിയമവുമായി ട്രംപ്

അമേരിക്കൻ ബി-1, ബി-2 വിസയ്ക്ക് ഇനി 20,000 ഡോളർ വരെ ബോണ്ട്; പുതിയ നിയമവുമായി ട്രംപ്

by news_desk1
0 comments

വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള ബിസിനസ്, ടൂറിസ്റ്റ് വിസകൾക്കായി അപേക്ഷിക്കുന്ന ചില വിദേശ പൗരന്മാർക്ക് ഇനി പരമാവധി 20,000 അമേരിക്കൻ ഡോളർ (ഏകദേശം 17 ലക്ഷം രൂപ) വരെ വിസ ബോണ്ട് നിർബന്ധമാക്കുന്ന പുതിയ ചട്ടം അമേരിക്ക സ്ഥിരീകരിച്ചു. പ്രധാനമായും ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടുന്ന 50 രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഈ വ്യവസ്ഥ ബാധകമാകുക. ഇതുസംബന്ധിച്ച അന്തിമ വിജ്ഞാപനം അമേരിക്കൻ ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുതിയ ചട്ടം ബി–1 (ബിസിനസ്) വിസയ്ക്കും ബി–2 (ടൂറിസ്റ്റ്) വിസയ്ക്കും അപേക്ഷിക്കുന്നവർക്കാണ് ബാധകമാകുക. ഓരോ അപേക്ഷയും വിലയിരുത്തുന്ന കോൺസുലർ ഉദ്യോഗസ്ഥരുടെ തീരുമാനപ്രകാരമായിരിക്കും ബോണ്ട് തുക നിശ്ചയിക്കുക. വിസ അനുവദിക്കുന്നതിന് മുമ്പ് അപേക്ഷകരോട് പരമാവധി 20,000 ഡോളർ വരെ ബോണ്ട് കെട്ടിവെക്കാൻ കോൺസുലർ ഉദ്യോഗസ്ഥർക്ക് നിർദേശിക്കാം.

മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതിയിൽ 5,000, 10,000, 15,000 ഡോളർ എന്നിങ്ങനെയായിരുന്നു ബോണ്ട് തുക. പുതിയ ചട്ടപ്രകാരം 5,000 ഡോളർ എന്ന ഓപ്ഷൻ ഒഴിവാക്കുകയും പരമാവധി ബോണ്ട് 20,000 ഡോളറായി ഉയർത്തുകയും ചെയ്തു.

2026 ഓഗസ്റ്റ് 3 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും. പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള 50 രാജ്യങ്ങളിൽ 30 രാജ്യങ്ങളും ആഫ്രിക്കൻ ഭൂഖണ്ഡത്തിലുള്ളവയാണ്. വിസ കാലാവധി കഴിഞ്ഞിട്ടും അമേരിക്കയിൽ തുടരുന്നവരുടെ എണ്ണം കുറയ്ക്കുകയും കുടിയേറ്റ നിയമങ്ങൾ കർശനമായി പാലിക്കുന്നത് ഉറപ്പാക്കുകയും ചെയ്യുകയാണ് പുതിയ നടപടിയുടെ ലക്ഷ്യമെന്ന് അമേരിക്കൻ അധികൃതർ അറിയിച്ചു.

2025-ൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ വിസ ബോണ്ട് പദ്ധതിയുടെ ഫലങ്ങൾ വിലയിരുത്തിയ ശേഷമാണ് ഇത് സ്ഥിരനിയമമാക്കാൻ തീരുമാനിച്ചതെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, പുതിയ നടപടി നിയമാനുസൃതമായി അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരെയും പ്രതികൂലമായി ബാധിക്കുമെന്ന് കുടിയേറ്റ അവകാശ പ്രവർത്തകർ വിമർശിച്ചു. ഉയർന്ന ബോണ്ട് തുക പലരെയും യാത്രയിൽ നിന്ന് പിന്തിരിപ്പിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത കുടിയേറ്റ നയങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തെയും നിയമപരമായ നടപടിക്രമങ്ങളെയും ബാധിക്കുന്നതാണെന്നും വംശീയ ന്യൂനപക്ഷങ്ങളിൽ ആശങ്ക വർധിപ്പിക്കുന്നതാണെന്നും മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.

എന്നാൽ ദേശീയ സുരക്ഷ ശക്തിപ്പെടുത്തുകയും അനധികൃത കുടിയേറ്റം നിയന്ത്രിക്കുകയും ചെയ്യുന്നതിനാണ് പുതിയ നടപടികളെന്ന് ട്രംപ് ഭരണകൂടം വിശദീകരിച്ചു. അനധികൃത കുടിയേറ്റം തടയുകയെന്ന ലക്ഷ്യത്തോടെ ചില വിസ വിഭാഗങ്ങളിലെ അപേക്ഷാ ഫീസ് വർധിപ്പിക്കുന്നതും സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിശദമായ പരിശോധന ഉൾപ്പെടെയുള്ള നടപടികളും ഇതിനകം കൂടുതൽ കർശനമാക്കിയിട്ടുണ്ട്.

You may also like