Home Kerala‘എലിപ്പനി പ്രതിരോധ മരുന്നിന് ക്ഷാമമില്ല’; മുഖ്യമന്ത്രിയുടെ വിരുന്ന് സൽക്കാരവും ഹെലികോപ്റ്റർ യാത്രയും ന്യായീകരിച്ച് മന്ത്രി കെ. മുരളീധരൻ

‘എലിപ്പനി പ്രതിരോധ മരുന്നിന് ക്ഷാമമില്ല’; മുഖ്യമന്ത്രിയുടെ വിരുന്ന് സൽക്കാരവും ഹെലികോപ്റ്റർ യാത്രയും ന്യായീകരിച്ച് മന്ത്രി കെ. മുരളീധരൻ

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ എലിപ്പനി പ്രതിരോധ മരുന്നുകൾക്ക് യാതൊരു ക്ഷാമവുമില്ലെന്നും ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തത് കൊണ്ട് ആർക്കും എലിപ്പനി വരില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ മരുന്നുകൾ എത്തിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തിന്റെ ഒരു ഭാഗത്തുനിന്നും മരുന്ന് ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമാണ് മന്ത്രിയുടെ അവകാശവാദം. മഴ ശക്തമായ സാഹചര്യത്തിൽ പകർച്ചവ്യാധി ഭീഷണി മുൻകൂട്ടി കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശങ്ങളും ആവശ്യമായ മുന്നൊരുക്കങ്ങളും സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സംസ്ഥാനം പ്രളയക്കെടുതി നേരിടുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിൽ വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിലും മന്ത്രി പ്രതികരിച്ചു. “ഊണ് കഴിക്കുന്നത് തെറ്റാണോ” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത്തരം വിവാദങ്ങൾ വിഷയദാരിദ്ര്യത്തിന്റെ ഭാഗമാണെന്നും ദുരന്തങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കരുതെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെ ചൊല്ലിയുള്ള വിമർശനങ്ങളും മന്ത്രി തള്ളി. ഔദ്യോഗിക ആവശ്യങ്ങൾക്കായാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നും യാത്രയ്ക്കിടെ ഭാര്യാപിതാവിനെ സന്ദർശിച്ചത് മാത്രമാണുണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു.

ഇതിനിടെ, കനത്ത മഴയും പ്രളയസാഹചര്യവും തുടരുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിൽ ഉച്ചഭക്ഷണ സൽക്കാരത്തിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം രാഷ്ട്രീയ വിവാദമായി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങളുടെ വസതിയിൽ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്.

സംസ്ഥാനം ദുരന്തഭീതിയിൽ കഴിയുമ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട മുഖ്യമന്ത്രി വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ദുരന്തനിവാരണ സംവിധാനങ്ങളുടെ തലപ്പത്തിരിക്കുന്ന മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണിതെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ വിമർശിച്ചു.

You may also like