Home Keralaപാണക്കാട് വൻ മണ്ണിടിച്ചിൽ; തലനാരിഴയ്ക്ക് ഒഴിവായത് ദുരന്തം, അനധികൃത നിർമാണത്തിനെതിരെ കർശന നടപടിക്ക് നിർദേശം

പാണക്കാട് വൻ മണ്ണിടിച്ചിൽ; തലനാരിഴയ്ക്ക് ഒഴിവായത് ദുരന്തം, അനധികൃത നിർമാണത്തിനെതിരെ കർശന നടപടിക്ക് നിർദേശം

by news_desk1
0 comments

പാണക്കാട്: മലപ്പുറം പാണക്കാട്–വേങ്ങര റോഡിന് സമീപം കുന്നിൻ ചെരിവിൽ നിന്ന് വൻതോതിൽ മണ്ണിടിഞ്ഞ് വീണ സംഭവത്തിൽ വലിയ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ആളുകൾ സമയോചിതമായി രണ്ട് ഭാഗങ്ങളിലേക്ക് മാറിയതിനാൽ ആളപായമുണ്ടായില്ല. മണ്ണിടിച്ചിലിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.

രാവിലെ എട്ടുമണിയോടെയാണ് പാണക്കാട് റോഡിന് സമീപത്തെ കുത്തനെയുള്ള ചെരിവിൽ നിന്ന് മണ്ണിടിയൽ ആരംഭിച്ചത്. നിർമ്മാണ പ്രവർത്തനം നടന്നുകൊണ്ടിരുന്ന ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണും വലിയ കല്ലുകളും റോഡിലേക്ക് പതിച്ചതോടെ പ്രദേശത്ത് ആശങ്ക പരന്നു. തുടർന്ന് തുടർച്ചയായി മണ്ണിടിഞ്ഞ് രാവിലെ 9.30ഓടെ വലിയ മൺകൂനയും മരങ്ങളും കല്ലുകളും താഴേക്ക് പതിക്കുകയായിരുന്നു.

സംഭവസമയത്ത് മാധ്യമപ്രവർത്തകരും നാട്ടുകാരും സ്ഥലത്തുണ്ടായിരുന്നു. സുരക്ഷയ്ക്കായി ഓടി മാറുന്നതിനിടെ മലപ്പുറം കൈരളി ടി.വി. ക്യാമറാമാൻ ജയേഷിന് നിസാര പരിക്കേറ്റു. മണ്ണിടിയൽ ആരംഭിച്ച ഉടൻ ഗതാഗതം തടഞ്ഞതും പൊലീസ് ഇടപെട്ട് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതുമാണ് വലിയ അപകടം ഒഴിവാക്കാൻ സഹായിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവർത്തനം നടത്തിയ മലപ്പുറം ചെട്ടിപ്പടി സ്വദേശി നൗഫൽ കടക്കാടന്റെ നിർമാണം പൂർണമായും അനധികൃതമാണെന്ന് നഗരസഭാ ചെയർപേഴ്സൺ വ്യക്തമാക്കി. മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.

ജിയോളജി വകുപ്പ് അനുവദിച്ചിരുന്ന പാറ പൊട്ടിക്കാനുള്ള അനുമതി ജൂൺ 19-നും നഗരസഭ നൽകിയ മണ്ണെടുക്കാനുള്ള അനുമതി ജൂൺ 20-നും അവസാനിച്ചതായി അധികൃതർ അറിയിച്ചു. അനുമതിയുടെ കാലാവധി കഴിഞ്ഞ ശേഷവും പ്രവർത്തനം നടത്തിയ സാഹചര്യത്തിൽ അനധികൃത നിർമാണത്തിന് നൽകിയ ലൈസൻസ് ഉടൻ റദ്ദാക്കാൻ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നഗരസഭയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.

You may also like