ജറുസലേം: ആഡംബര റേഞ്ച് റോവർ കാറിൽ എത്തി ഭിക്ഷാടനം നടത്തിയ ദമ്പതികളെ പലസ്തീൻ പൊലീസ് അറസ്റ്റ് ചെയ്തു. ജറുസലേമിന് സമീപമുള്ള അബു ദിസ് നഗരത്തിൽ പതിവ് പട്രോളിംഗിനിടെയാണ് ഇരുവരും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.
അഞ്ച് ലക്ഷം ഷെക്കലിലധികം (ഏകദേശം 163,500 അമേരിക്കൻ ഡോളർ) വിലമതിക്കുന്ന റേഞ്ച് റോവർ വാഹനത്തിലാണ് ദമ്പതികൾ ഭിക്ഷാടനം നടത്താൻ എത്തിയതെന്ന് പലസ്തീൻ പൊലീസ് അറിയിച്ചു.
അറസ്റ്റിലായ ഭിക്ഷാടകനിൽ നിന്ന് സ്വർണം പൂശിയ ഐഫോൺ 17 പ്രോ മാക്സ് ഫോണും പൊലീസ് പിടിച്ചെടുത്തു. പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്ന് പലസ്തീൻ പൊലീസ് വക്താവ് കേണൽ ലുവായ് അർസിഖത്ത് വ്യക്തമാക്കി.
പൊലീസിന്റെ വിവരമനുസരിച്ച്, 5,000,000 ഷെക്കലിലധികം വിപണി മൂല്യമുള്ള റേഞ്ച് റോവർ വാഹനം ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തതാണ്. ദമ്പതികൾക്ക് റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളോ ബാങ്ക് അക്കൗണ്ടുകളോ മറ്റ് വിലപിടിപ്പുള്ള സ്വത്തുക്കളോ ഉണ്ടോയെന്നത് ഉൾപ്പെടെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
അറസ്റ്റിലായ ദമ്പതികളെയും പിടിച്ചെടുത്ത ആഡംബര വാഹനവും മറ്റ് വസ്തുക്കളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി പലസ്തീൻ പൊലീസ് അറിയിച്ചു.

