Home Top Stories‘ഞാനൊന്ന് ഭക്ഷണം കഴിച്ചുപോയി; ഇനി കഴിക്കാതിരിക്കാം’; വിരുന്ന് വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

‘ഞാനൊന്ന് ഭക്ഷണം കഴിച്ചുപോയി; ഇനി കഴിക്കാതിരിക്കാം’; വിരുന്ന് വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

by news_desk1
0 comments

തിരുവനന്തപുരം: പ്രളയസാഹചര്യത്തിനിടെ വിരുന്നിൽ പങ്കെടുത്തെന്ന വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഷയത്തിൽ ഹീനമായ അപവാദപ്രചരണമാണ് നടക്കുന്നതെന്നും താൻ സൽക്കാരത്തിന് പോയതല്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

“അന്ന് രാവിലെ അഞ്ച് മണി മുതൽ റവന്യൂ മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ബന്ധപ്പെട്ട ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരെയും കളക്ടർമാരെയും എം.എൽ.എമാരെയും വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. താൻ എത്തേണ്ട സാഹചര്യമുണ്ടോയെന്ന് ചോദിച്ചപ്പോൾ അതിന്റെ ആവശ്യമില്ലെന്നായിരുന്നു അവരുടെ മറുപടി. ഉച്ചയ്ക്ക് മൂന്ന് മണിയായപ്പോൾ ഭക്ഷണം കഴിക്കുകയായിരുന്നു. 2018-ലും 2019-ലും പ്രളയമുണ്ടായപ്പോൾ അന്നത്തെ മുഖ്യമന്ത്രി നിരാഹാരത്തിലായിരുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ ഭക്ഷണം കഴിച്ചുപോയി, തെറ്റ് പറ്റിപ്പോയി. ഇനി മുതൽ ഭക്ഷണം കഴിക്കാതിരിക്കാം,” മുഖ്യമന്ത്രി പറഞ്ഞു.

ഇത് അനാവശ്യമായ അപവാദപ്രചരണമാണെന്നും കേരളത്തിലെ ജനങ്ങൾ തന്നെ കാര്യങ്ങൾ വിലയിരുത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ എത്തിയ വീട്ടുകാർ പോലും ഭക്ഷണം കഴിക്കാതെ കാത്തിരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രിക്ക് ഭക്ഷണം കഴിക്കാൻ പാടില്ലെന്ന കാര്യം ഇപ്പോഴാണ് അറിയുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

മഴക്കെടുതിയുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങളിൽ ഒരു തരത്തിലുള്ള അനാസ്ഥയും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

“ഇതിനേക്കാൾ വലിയ പ്രളയം നേരിട്ട അനുഭവമുള്ളയാളാണ് ഞാൻ. 75,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിൽ പാർപ്പിച്ച അനുഭവമുണ്ട്. ആദ്യ മൂന്ന് ദിവസം ഒരു മണി അരിപോലും ലഭിക്കാതെ എറണാകുളത്തെയും കൊടുങ്ങല്ലൂരിലെയും മാർക്കറ്റുകളിൽ നിന്ന് കടമായി സാധനങ്ങൾ എത്തിച്ച ആളാണ് ഞാൻ. അന്നത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലും വിവിധ രാഷ്ട്രീയ ആരോപണങ്ങളാണ് ഉയർന്നത്. വെള്ളപ്പൊക്കസമയത്ത് രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ ആരും ചോദ്യം ചെയ്തില്ല,” എന്നും മുഖ്യമന്ത്രി പറഞ്ഞു.

You may also like