Home Keralaബസ് അപകടത്തിൽ അരയ്ക്ക് താഴെ ചലനശേഷി നഷ്ടമായി; വിദ്യാർത്ഥിനിക്ക് 2.60 കോടി രൂപ നഷ്ടപരിഹാരം

ബസ് അപകടത്തിൽ അരയ്ക്ക് താഴെ ചലനശേഷി നഷ്ടമായി; വിദ്യാർത്ഥിനിക്ക് 2.60 കോടി രൂപ നഷ്ടപരിഹാരം

by news_desk1
0 comments

ആലപ്പുഴ: തമിഴ്നാട് കോർപ്പറേഷൻ ബസിന്റെ അപകടത്തിൽ അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട വിദ്യാർത്ഥിനിക്ക് 2 കോടി 60 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. മണ്ണഞ്ചേരി സ്വദേശിനി ഗൗരിനന്ദ (24)ക്ക് അനുകൂലമായാണ് ആലപ്പുഴ എം.എ.സി ട്രിബ്യൂണലിന്റെ ഉത്തരവ്. തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് നഷ്ടപരിഹാരം നൽകേണ്ടത്.

2023 നവംബർ 11നാണ് കേസിനാസ്പദമായ അപകടം നടന്നത്. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എം.എസ്.സി ഫിസിക്സ് വിദ്യാർത്ഥിനിയായിരുന്ന ഗൗരിനന്ദ പഠനാവശ്യവുമായി ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. തമിഴ്നാട്ടിലെ വാണിയമ്പാടി ചെട്ടിയപ്പനൂർ മേൽപ്പാലത്തിന് സമീപമായിരുന്നു അപകടം.

ഗൗരിനന്ദ യാത്ര ചെയ്തിരുന്ന ബസിലേക്ക് തമിഴ്നാട് കോർപ്പറേഷന്റെ ബസ് നിയന്ത്രണംവിട്ട് ഡിവൈഡർ മറികടന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗൗരിനന്ദ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞു.

അപകടത്തിൽ രണ്ട് വാഹനങ്ങളിലുമായി നാല് പേർ മരിക്കുകയും 16ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഗൗരിനന്ദയെ വെല്ലൂർ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ ചികിത്സിച്ചെങ്കിലും അരയ്ക്ക് താഴേക്ക് തളർന്ന് ചലനശേഷി നഷ്ടപ്പെട്ടു.

കേസിൽ ഗൗരിനന്ദയ്ക്കുവേണ്ടി അഭിഭാഷകരായ ജോസ് വൈ. ജെയിംസും കെ.പി. ജോബിയും കോടതിയിൽ ഹാജരായി.

You may also like