Home Keralaകെ.എൻ. ബാലഗോപാലിന്റെ പ്രചാരണ വീഡിയോ വിവാദം; കൊല്ലം റൂറലിലെ നാല് പൊലീസുകാർക്ക് സ്ഥലംമാറ്റം

കെ.എൻ. ബാലഗോപാലിന്റെ പ്രചാരണ വീഡിയോ വിവാദം; കൊല്ലം റൂറലിലെ നാല് പൊലീസുകാർക്ക് സ്ഥലംമാറ്റം

by news_desk1
0 comments

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.എൻ. ബാലഗോപാലിനായി പ്രചാരണ വീഡിയോ പുറത്തിറക്കിയെന്ന പരാതിയിൽ കൊല്ലം റൂറലിലെ നാല് പൊലീസുകാർക്ക് സ്ഥലംമാറ്റം. യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന പി. ഐഷാ പോറ്റി തെരഞ്ഞെടുപ്പ് കമ്മിഷനും ഡി.ജി.പിക്കും നൽകിയ പരാതിയുടെ തുടർന്നാണ് നടപടി.

സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എസ്. നജീം, എസ്.എൽ. സുജിത്ത്, സിവിൽ പൊലീസ് ഓഫീസർമാരായ എ.എസ്. ശിവേഷ്, വി. ചിന്തു എന്നിവരെയാണ് കൊല്ലം ജില്ലയ്ക്ക് പുറത്തേക്ക് മാറ്റിയത്. നജീമിനെയും ശിവേഷിനെയും കോട്ടയത്തേക്കും സുജിത്തിനെയും ചിന്തുവിനെയും ആലപ്പുഴയിലേക്കുമാണ് സ്ഥലംമാറ്റിയത്. ദക്ഷിണ മേഖലാ ഐജിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച വീഡിയോയിൽ നാല് പൊലീസുകാരുടെയും പ്രതികരണങ്ങൾ ഉൾപ്പെട്ടിരുന്നതായാണ് പരാതി. പൊലീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തുവെന്നാരോപിച്ചാണ് ഐഷാ പോറ്റി നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനെയും ഡി.ജി.പിയെയും സമീപിച്ചത്.

അതേസമയം, നേരത്തെ നടത്തിയ അന്വേഷണത്തിൽ വീഡിയോ തയ്യാറാക്കിയത് പൊലീസ് സംഘടനയുടെ ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ടായിരുന്നുവെന്നും പിന്നീട് അതിലെ ഭാഗങ്ങൾ അനുമതിയില്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചതാണെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. ആരോപണം സംബന്ധിച്ച തുടർനടപടികളുടെ ഭാഗമായാണ് ഇപ്പോഴത്തെ സ്ഥലംമാറ്റം.

You may also like