മസ്കറ്റ്: പാകിസ്ഥാനിലെ കാരക്കോറം പർവതനിരയിലെ ബ്രോഡ് പീക്കിലുണ്ടായ മാരകമായ മഞ്ഞിടിച്ചിലിൽ ഒമാന്റെ പ്രശസ്ത പർവതാരോഹകയും എവറസ്റ്റ് കീഴടക്കിയ ആദ്യ ഒമാൻ വനിതയുമായ നദീറ അൽ ഹാർത്തി മരിച്ചു. ഒമാൻ സ്വദേശിനിയായ നദീറയുടെ മരണം പാകിസ്ഥാനിലെ ആൽപൈൻ ക്ലബ്ബും രക്ഷാപ്രവർത്തക സംഘവും സ്ഥിരീകരിച്ചു. അപകടത്തിൽ അന്താരാഷ്ട്ര പർവതാരോഹക സംഘത്തിലെ നിരവധി പേരും മരണപ്പെട്ടിട്ടുണ്ട്.
എവറസ്റ്റ് കീഴടക്കിയ ആദ്യ ഒമാൻ വനിത എന്ന നേട്ടത്തിലൂടെ ചരിത്രം സൃഷ്ടിച്ച നദീറ അൽ ഹാർത്തി, പിന്നീട് ലോകത്തിലെ 8,000 മീറ്ററിലധികം ഉയരമുള്ള നിരവധി കൊടുമുടികളും കീഴടക്കിയിരുന്നു. കെ-2, നംഗാപർബത് ഉൾപ്പെടെയുള്ള അതിദുഷ്കരമായ പർവതങ്ങൾ കീഴടക്കിയ അവർ ഒമാനിലെ യുവതലമുറയ്ക്ക് പ്രചോദനമായ വ്യക്തിത്വമായിരുന്നു.
ബ്രോഡ് പീക്കിലേക്കുള്ള ദൗത്യത്തിനിടെയാണ് ശക്തമായ മഞ്ഞിടിച്ചിൽ ഉണ്ടായത്. അപകടത്തെ തുടർന്ന് വ്യാപകമായ തെരച്ചിലും രക്ഷാപ്രവർത്തനവും നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ ദൗത്യത്തെ സാരമായി ബാധിച്ചു. തുടർന്ന് നദീറ ഉൾപ്പെടെയുള്ള പർവതാരോഹകരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
നദീറ അൽ ഹാർത്തിയുടെ വിയോഗത്തിൽ ഒമാനിലുടനീളം അനുശോചന പ്രവാഹമാണ്. ധൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമായിരുന്ന നദീറയുടെ ജീവിതവും നേട്ടങ്ങളും ഒമാന്റെ കായിക-സാഹസിക ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടുമെന്ന് അനുശോചന സന്ദേശങ്ങളിൽ പറയുന്നു.

