തിരുവനന്തപുരം: പ്രളയക്കെടുതിയിൽ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. കേരളം വീണ്ടും പ്രളയക്കെടുതിയെ നേരിടുകയാണെന്നും സംസ്ഥാനത്താകെ 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേർ കഴിയുന്നതായാണ് ലഭിക്കുന്ന വിവരമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
എട്ട് പേർ മരണപ്പെടുകയും എട്ട് പേരെ കാണാതാകുകയും ചെയ്തിരിക്കുന്നത് അതീവ വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. മരണപ്പെട്ടവരുടെയും കാണാതായവരുടെയും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.
ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും ജനങ്ങളുടെ ദുരിതം വർധിപ്പിക്കുന്ന സാഹചര്യം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. റാന്നിയിൽ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ഗുരുതര ആരോപണം ഉയർന്നിട്ടുണ്ടെന്നും, വ്യാപാരികൾക്ക് കടകളിലെ സാധനങ്ങൾ സുരക്ഷിതമാക്കാൻ പോലും സമയം ലഭിക്കാതെ പ്രതിഷേധിക്കേണ്ട സാഹചര്യം ഉണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദുരിതാശ്വാസ ക്യാമ്പുകളിലെ അനാസ്ഥയും ആശങ്കപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷണ വിതരണത്തിൽ വീഴ്ചയുണ്ടായെന്ന് സർക്കാർ സംവിധാനങ്ങൾ തന്നെ സമ്മതിച്ച സാഹചര്യത്തിൽ, ഉദ്യോഗസ്ഥരുടെ ഏകോപനക്കുറവ് കാരണം സന്നദ്ധ പ്രവർത്തകരും നാട്ടുകാരും രാഷ്ട്രീയ പ്രവർത്തകരും ചേർന്നാണ് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തുടനീളം നൂറുകണക്കിന് ദുരിതാശ്വാസ ക്യാമ്പുകളിൽ ആയിരക്കണക്കിന് ആളുകൾ കഴിയുന്ന സാഹചര്യത്തിൽ ഭരണസംവിധാനം കൂടുതൽ ജാഗ്രതയോടെയും കാര്യക്ഷമതയോടെയും പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ദുരന്തബാധിതർക്ക് ഭക്ഷണം, കുടിവെള്ളം, മരുന്ന്, സുരക്ഷിത താമസം, നഷ്ടപരിഹാരം എന്നിവ കൃത്യമായി ഉറപ്പാക്കണമെന്നും, ഉണ്ടായ വീഴ്ചകൾ പരിശോധിച്ച് ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതിസന്ധിയെ അതിജീവിക്കാൻ സർക്കാർ സംവിധാനങ്ങളും തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ പ്രവർത്തകരും പൊതുസമൂഹവും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
അതേസമയം, സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
തിങ്കളാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

