വാരാണസി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരശുരാമനായി ചിത്രീകരിച്ച് പിറന്നാൾ ആഘോഷം സംഘടിപ്പിച്ചതിനെതിരെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്ത്. കോൺഗ്രസ് പ്രവർത്തകരുടെ നടപടി ഭഗവാൻ പരശുരാമനെ അപമാനിക്കുന്നതാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പിറന്നാൾ ആഘോഷത്തിലാണ് ഒരു കൈയിൽ ഭരണഘടനയും മറുകൈയിൽ മഴുവും പിടിച്ച പരശുരാമന്റെ രൂപത്തിൽ രാഹുൽ ഗാന്ധിയെ ചിത്രീകരിച്ചത്. ഇതിനെ തുടർന്നാണ് ബിജെപി നേതാക്കളുടെ വിമർശനം ശക്തമായത്.
കോൺഗ്രസ് നേതാക്കൾക്ക് വിവേകം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ബ്രജേഷ് പഥക് ആരോപിച്ചു. ഭഗവാൻ വിഷ്ണുവിന്റെ അവതാരമായ പരശുരാമനുമായി രാഹുൽ ഗാന്ധിയെ താരതമ്യം ചെയ്യുന്നത് അസാധ്യവും അമ്പരപ്പിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാവ് പ്രദീപ് ഭണ്ഡാരിയും വിഷയത്തിൽ പ്രതികരിച്ചു. സനാതന ധർമ്മത്തെ എതിർക്കുന്നവർക്ക് സ്വയം പരശുരാമനുമായി താരതമ്യം ചെയ്യാൻ പോലും ചിന്തിക്കാൻ കഴിയില്ലെന്ന് അദ്ദേഹം ആരോപിച്ചു. വർഷത്തിലെ എല്ലാ ദിവസങ്ങളിലും സനാതന ധർമ്മത്തെ അപമാനിക്കുന്ന കോൺഗ്രസ് നേതാക്കൾ ഒരു ദിവസം മാത്രം ഭഗവാൻ പരശുരാമനെ ഓർക്കുന്നതായി അഭിനയിക്കുകയാണെന്നും ജനങ്ങൾ ഇത് മറക്കില്ലെന്നും അദ്ദേഹം വിമർശിച്ചു.

