ചെന്നൈ: നടി തൃഷയ്‌ക്കെതിരായ അധിക്ഷേപ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെ റിമാൻഡ് ചെയ്യേണ്ടതില്ലെന്ന് തമിഴ്നാട് സർക്കാർ കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യുന്നതിനായാണ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തതെന്നും, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാൻ സർക്കാർ തയ്യാറാണെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയിൽ വ്യക്തമാക്കി.
സർക്കാരിന്റെ നിലപാട് രേഖപ്പെടുത്തിയ കോടതി, ഉദയനിധിയെ ഇന്ന് തന്നെ വിട്ടയക്കാൻ അനുമതി നൽകി. അന്വേഷണവുമായി പൂർണമായും സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. അതേസമയം, ഉദയനിധിയുടെ അറസ്റ്റിനെതിരെ തമിഴ്നാട്ടിന്റെ വിവിധ ഭാഗങ്ങളിൽ ഡിഎംകെ പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
ഇതിനിടെ, താൻ മോശം പരാമർശം നടത്തിയിട്ടില്ലെന്നും വിജയിയെയോ തൃഷയെയോ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നുമാണ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം. ചെന്നൈയിലെ നീലാങ്കരയിലെ വീട്ടിൽ നിന്നാണ് തഞ്ചാവൂർ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് പൊലീസ് വാഹനത്തിൽ തഞ്ചാവൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനം തടയാൻ ശ്രമിച്ച് ഡിഎംകെ പ്രവർത്തകർ പ്രതിഷേധിച്ചു.
ഉച്ചയ്ക്ക് 12 മണിവരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പാടില്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ നിർദേശം നിലനിൽക്കെയായിരുന്നു തിടുക്കത്തിൽ കസ്റ്റഡിയിലെടുത്തതെന്ന് ഡിഎംകെ ആരോപിച്ചു.
നാളെ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ ഉദയനിധിയെ നിയമസഭയിൽ നിന്ന് മാറ്റിനിർത്താനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് ഡിഎംകെ ആരോപിച്ചു. ഉദയനിധിക്കെതിരെ ടിവികെ വനിതാ വിഭാഗവും, വിജയ് സർക്കാരിനെതിരെ ഡിഎംകെ പ്രവർത്തകരും സംസ്ഥാനവ്യാപകമായി പ്രതിഷേധം തുടരുകയാണ്.

