കൊച്ചി: പൊതുവേ സമാധാനപ്രിയനായി ജീവിക്കാനാണ് തനിക്ക് താൽപര്യമെന്ന് നടൻ സൈജു കുറുപ്പ്. പ്രതികരണശേഷി താൻ മനഃപൂർവം നിയന്ത്രിച്ച് വച്ചിരിക്കുകയാണെന്നും പ്രതികരിക്കാതിരിക്കുക തന്നെയാണ് പലപ്പോഴും നല്ലതെന്നും അദ്ദേഹം പറഞ്ഞു. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് സൈജു തന്റെ നിലപാട് പങ്കുവെച്ചത്.
“പ്രതികരണശേഷി എന്ന കാര്യം ഞാൻ അമർത്തി വച്ചിരിക്കുകയാണ്. പ്രതികരിച്ചാൽ മാത്രമേ ആളുകൾക്ക് പ്രശ്നമുണ്ടാകൂ. എനിക്ക് ഇഷ്ടപ്പെടാത്ത കാര്യം ആരെങ്കിലും പറഞ്ഞാൽ ഞാൻ പ്രതികരിക്കാതെ അവിടെ നിന്ന് മാറിപ്പോകും. അപ്പോൾ അവർക്ക് ഞാൻ നല്ലവനാണെന്ന് തോന്നും. ഞാൻ പാവമായിരിക്കാം, പക്ഷേ പൊട്ടനല്ല. പാവങ്ങളെ ഒരിക്കലും പൊട്ടനായിട്ട് കാണരുത്,” സൈജു പറഞ്ഞു.
ഇത്തരം സമീപനത്തെക്കുറിച്ച് ഭാര്യ പോലും ചോദ്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. “സൈജുവിന് നട്ടെല്ലില്ലേ എന്ന് എന്റെ ഭാര്യ ചോദിച്ചിട്ടുണ്ട്. അപ്പോൾ തന്നെ മറുപടി പറയേണ്ടതല്ലേ എന്ന് പലരും ചോദിക്കും. പക്ഷേ ഞാൻ പറയില്ല. എനിക്ക് സമാധാനമായി ഉറങ്ങണം. അതിനുവേണ്ടിയാണ്. ഞാൻ ഒന്ന് പറയും, മറ്റേയാൾ മറ്റൊന്ന് പറയും. എന്തിനാണ് വെറുതെ ബിപി കൂട്ടുന്നത്. അതുകൊണ്ട് എന്താണ് ഗുണം,” അദ്ദേഹം പറഞ്ഞു.
ടീനേജ് കാലം മുതലേ താൻ ഇത്തരത്തിലുള്ള സ്വഭാവമാണ് പിന്തുടരുന്നതെന്നും സൈജു കൂട്ടിച്ചേർത്തു. “പ്രതികരിക്കാത്തതുകൊണ്ട് ആളുകൾക്ക് ഞാൻ നല്ല മനുഷ്യനാണെന്ന് തോന്നും. ചിലർ നട്ടെല്ലില്ലെന്ന് പറയും. അതും സമ്മതിച്ചു കൊടുക്കും. അതുകൊണ്ട് എനിക്ക് ഒന്നും നഷ്ടമില്ല,” അദ്ദേഹം പറഞ്ഞു.
സ്കൂൾ ജീവിതത്തിലെ അനുഭവങ്ങളും സൈജു പങ്കുവെച്ചു. പഠനത്തിൽ പിന്നിലായിരുന്നതിനാൽ വേണ്ട ബഹുമാനം ലഭിക്കുന്നില്ലെന്ന തോന്നൽ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാരന്റ്സ് ഡേയിൽ സമ്മാനങ്ങൾ ലഭിക്കാത്തതിനാൽ സ്കൂളിൽ പോകാൻ പോലും താൽപര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം ഓർമ്മിച്ചു.
അമ്മ പറഞ്ഞ ചില വാക്കുകളാണ് തന്റെ ജീവിത കാഴ്ചപ്പാട് മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് എല്ലാവരോടും നന്നായി പെരുമാറാൻ ശ്രമിച്ചുവെന്നും വീട്ടിൽ വരുന്നവരോട് ആദ്യം സംസാരിക്കുകയും അവർക്കാവശ്യമായ കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യുന്ന ശീലം വളർത്തിയെടുത്തുവെന്നും സൈജു പറഞ്ഞു.
“ആദ്യം അത് അഭിനയിച്ചായിരുന്നു ചെയ്യുന്നത്. പിന്നീട് അത് സ്വഭാവത്തിന്റെ ഭാഗമായി മാറി. ഇന്നും കൂട്ടുകാരുടെ മാതാപിതാക്കൾക്ക് എന്നെ ഏറെ ഇഷ്ടമാണ്,” സൈജു കുറുപ്പ് കൂട്ടിച്ചേർത്തു.

