കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി സർക്കാർ പ്രഖ്യാപിച്ച സ്വയംതൊഴിൽ സഹായമായ ₹2 ലക്ഷം പൂർണമായി ലഭിച്ചില്ലെന്ന പരാതിയിൽ പ്രതിഷേധം ശക്തമായതോടെ സർക്കാർ ഇടപെട്ടു. വിഷയം ഗൗരവമായി കാണുന്നതായി മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി നാളെ അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മൈക്രോ പ്ലാൻ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച സഹായധനം ചിലർക്ക് മാത്രമാണ് ലഭിച്ചതെന്നും, ആളെ നോക്കിയാണ് ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയതെന്നുമാരോപിച്ചാണ് ദുരന്തബാധിതർ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധം ശക്തമാക്കിയത്.
പ്രഖ്യാപിച്ച ₹2 ലക്ഷം ആർക്കും പൂർണമായി ലഭിച്ചിട്ടില്ലെന്നും, ഇതുവരെ എട്ട് കുടുംബങ്ങൾക്ക് മാത്രമാണ് തുക നൽകിയിട്ടുള്ളതെന്നും ദുരന്തബാധിതർ ആരോപിക്കുന്നു. മുഴുവൻ അർഹരിലേക്കും പ്രഖ്യാപിച്ച തുക എത്തിക്കണമെന്ന ആവശ്യമാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്.
എല്ലാ ഗുണഭോക്താക്കൾക്കും ₹2 ലക്ഷം വീതം ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ ഫണ്ട് ലഭ്യമാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഓരോരുത്തരും സമർപ്പിച്ച മൈക്രോ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തിൽ തുക അനുവദിച്ചതെന്നും, എല്ലാവർക്കുമായി വിതരണം പൂർത്തിയാക്കാൻ ആകെ ₹9 കോടി ആവശ്യമായതിനാൽ വിഷയങ്ങൾ നാളത്തെ യോഗത്തിൽ വിശദമായി ചർച്ച ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, 290 കുടുംബങ്ങൾക്കായി ₹4.14 കോടി ഇതിനകം വിതരണം ചെയ്തതായി കുടുംബശ്രീ ജില്ലാ മിഷൻ അധികൃതർ അറിയിച്ചു. സർക്കാർ നിർദേശപ്രകാരം ബാക്കി തുകയും വിതരണം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
ജീവനോപാധിക്കായി മറ്റ് മാർഗങ്ങളില്ലെന്നും, സർക്കാർ പ്രഖ്യാപിച്ച മുഴുവൻ സഹായധനവും ലഭിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് ദുരന്തബാധിതരുടെ നിലപാട്.
