അതിവേഗ ചാർജിംഗ് സൗകര്യവും മികച്ച ഇലക്ട്രിക് റേഞ്ചും വാഗ്ദാനം ചെയ്യുന്ന ചൈനീസ് റേഞ്ച് എക്സ്റ്റെൻഡർ ഇലക്ട്രിക് എസ്യുവി ഇന്ത്യയിലേക്ക് എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ചൈനീസ് വാഹന നിർമാതാക്കളായ ചെറി ഓട്ടോമൊബൈൽ (Chery Automobile), തങ്ങളുടെ ജനപ്രിയ ന്യൂ എനർജി വെഹിക്കിൾ (NEV) മൾട്ടി-മോഡൽ ഡിസൈനുകൾ ഇന്ത്യയിൽ പേറ്റന്റ് ചെയ്തു. ഇതിൽ ചെറി ഫെങ്യുൻ X3L (Chery Fulwin X3L) എന്ന റേഞ്ച് എക്സ്റ്റെൻഡർ ഇലക്ട്രിക് വാഹനം (REEV) വേറിട്ടു നിൽക്കുന്നു.
ജെറ്റോർ T2 (Jetour T2) പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്യുവിയുമായും മുൻനിര ബി.ഇ.വി മോഡലുകളുമായും സാമ്യമുള്ള ഈ വാഹനം, പരമ്പരാഗത ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി റേഞ്ച് എക്സ്റ്റെൻഡർ ഇലക്ട്രിക് വെഹിക്കിൾ (REEV) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.
കരുത്തുറ്റ ബോക്സി ഡിസൈൻ
ഡിസൈൻ ചിത്രങ്ങളും ആഗോള വിപണിയിലെ മോഡലും തമ്മിൽ കാര്യമായ വ്യത്യാസങ്ങളില്ല. സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി ഒരുക്കിയ അഞ്ച് സീറ്റർ എസ്യുവിയാണിത്. പൂർണ്ണ എൽ.ഇ.ഡി ലൈറ്റിംഗ്, 21 ഇഞ്ച് അലോയ് വീലുകൾ, വലിയ ചെറി ലോഗോ, മികച്ച ബോഡി ക്ലാഡിംഗ് എന്നിവ വാഹനത്തിന് കരുത്തുറ്റ റോഡ് പ്രസൻസ് നൽകുന്നു. ആക്സസറിയായി ഓഫ്-റോഡിംഗിന് സഹായിക്കുന്ന സൈഡ് സ്റ്റെപ്പുകളും ലഭ്യമാണ്.
പ്രീമിയം ഇന്റീരിയർ ഫീച്ചറുകൾ
ലെതർ അപ്ഹോൾസ്റ്ററി, ഹുവാവേ ഹൈകാർ (Huawei HiCar), ആപ്പിൾ കാർപ്ലേ (Apple CarPlay) പിന്തുണയുള്ള 15.6 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 9.2 ഇഞ്ച് TFT ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 540 ഡിഗ്രി പനോരമിക് വ്യൂ ക്യാമറ തുടങ്ങിയ സംവിധാനങ്ങൾ അകത്തളത്തിന് പ്രീമിയം ലുക്ക് നൽകുന്നു.
215 കിലോമീറ്റർ ഇലക്ട്രിക് റേഞ്ച്, 422 bhp കരുത്ത്
1.5 ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. എങ്കിലും ഈ എൻജിൻ നേരിട്ട് ചക്രങ്ങളെ തിരിക്കുന്നില്ല; മറിച്ച് ബാറ്ററി ചാർജ് ചെയ്യുന്ന ജനറേറ്ററായി പ്രവർത്തിക്കുന്നു. 33.86kWh LFP ബാറ്ററി പാക്കും ഓൾ-വീൽ ഡ്രൈവ് (AWD) ഇലക്ട്രിക് മോട്ടോറും ചേർന്ന് പ്രവർത്തിക്കുമ്പോൾ പൂർണ ഇലക്ട്രിക് മോഡിൽ മാത്രം 215 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും. മൊത്തം പവർ ഔട്ട്പുട്ട് 422 bhp-യും ടോർക്ക് 505 Nm-വുമാണ്.
18 മിനിറ്റിൽ 80% ചാർജിംഗ്
92kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ബാറ്ററി 10%-ൽ നിന്ന് 80% വരെ ചാർജ് ചെയ്യാൻ വെറും 18 മിനിറ്റ് മതിയാകും. 6.6kW AC സ്റ്റാൻഡേർഡ് ചാർജിംഗിന് പുറമെ, മറ്റ് ഇലക്ട്രിക് ഉപകരണങ്ങളിലേക്ക് ഊർജ്ജം കൈമാറാൻ കഴിയുന്ന 6kW V2V (Vehicle-to-Vehicle), V2L (Vehicle-to-Load) റിവേഴ്സ് ചാർജിംഗ് ഫീച്ചറുകളും ഇതിലുണ്ട്.
ഇന്ത്യൻ വിപണിയിലെ സാധ്യത
ഡിസൈൻ പേറ്റന്റ് നേടിയിട്ടുണ്ടെങ്കിലും വാഹനം ഉടൻ ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കുമോ എന്ന കാര്യം കമ്പനി സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും, അതിവേഗം വളരുന്ന ഇന്ത്യൻ ഇ.വി വിപണിയിൽ ഇത്തരം വിപ്ലവകരമായ റേഞ്ച് എക്സ്റ്റെൻഡർ മോഡലുകൾ അവതരിപ്പിക്കപ്പെട്ടാൽ വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
