Home Keralaഅമീബിക് മസ്തിഷ്ക ജ്വരം വീണ്ടും ജീവനെടുത്തു; കോഴിക്കോട് യുവാവ് മരിച്ചു, രോഗ ഉറവിടം കിണർവെള്ളമെന്ന് പ്രാഥമിക സംശയം

അമീബിക് മസ്തിഷ്ക ജ്വരം വീണ്ടും ജീവനെടുത്തു; കോഴിക്കോട് യുവാവ് മരിച്ചു, രോഗ ഉറവിടം കിണർവെള്ളമെന്ന് പ്രാഥമിക സംശയം

by news_desk1
0 comments

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി നടേരി സ്വദേശിയായ ബിജുവാണ് ചികിത്സയ്ക്കിടെ മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

രോഗത്തിന്റെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ജലാശയങ്ങളിൽ കുളിച്ച പശ്ചാത്തലമില്ലാത്തതിനാൽ കിണർവെള്ളത്തിൽ നിന്നാകാം രോഗബാധ ഉണ്ടായതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട കിണറിലെ വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതായി അധികൃതർ അറിയിച്ചു. പ്രദേശത്ത് ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികളും ആരോഗ്യവകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.

കൊല്ലം ടൗണിൽ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന ബിജുവിന്റെ മരണത്തെ തുടർന്ന് രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

തലച്ചോറിനെ ബാധിക്കുന്ന അപൂർവവും അതീവ ഗുരുതരവുമായ രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം. ജലത്തിൽ കാണപ്പെടുന്ന നെഗ്ലേറിയ ഫൗളേറി (Naegleria fowleri) എന്ന അമീബയാണ് രോഗത്തിന് പ്രധാന കാരണം. മലിനമായ കുളങ്ങൾ, പുഴകൾ, കെട്ടിക്കിടക്കുന്ന വെള്ളം എന്നിവയിൽ കുളിക്കുമ്പോൾ അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിച്ച് പിന്നീട് തലച്ചോറിലെത്തി ഗുരുതര അണുബാധയ്ക്ക് കാരണമാകാം. മൂക്കിനെയും തലച്ചോറിനെയും വേർതിരിക്കുന്ന നേർത്ത പാളിയിലെ സുഷിരങ്ങൾ വഴിയോ കർണപടലത്തിലെ സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലെത്തി മെനിഞ്ചോ എൻസെഫലൈറ്റിസിന് കാരണമാകുന്നതാണ്.

97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. എന്നാൽ, രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരില്ല.

പനി, ശക്തമായ തലവേദന, ഛർദ്ദി, ഓക്കാനം, കഴുത്ത് വേദന, വെളിച്ചത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം ഗുരുതരമാകുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമ്മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകും. ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ എത്രയും വേഗം വൈദ്യസഹായം തേടണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.

You may also like