Home Top Storiesപ്രതിഷേധം ജനാധിപത്യ അവകാശം; സിജെപി സമരത്തിലെ പൊലീസ് നടപടിയിൽ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

പ്രതിഷേധം ജനാധിപത്യ അവകാശം; സിജെപി സമരത്തിലെ പൊലീസ് നടപടിയിൽ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

by news_desk1
0 comments

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസിന്റെ നടപടിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. സമാധാനപരമായി പ്രതിഷേധിക്കുന്നത് ഓരോ പൗരന്റെയും ഭരണഘടനാപരമായ അവകാശമാണെന്നും, പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കാനോ പൊലീസിന്റെ അമിതാധികാരം ന്യായീകരിക്കാനോ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

പൊലീസ് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് രാജ്യവ്യാപകമായി ഏകീകൃത പ്രോട്ടോക്കോൾ രൂപീകരിക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. പ്രക്ഷോഭങ്ങളിൽ സാമൂഹികവിരുദ്ധർ കടന്നുകയറിയാൽ അവരെ തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണെങ്കിലും, പ്രതിഷേധം നടക്കുന്നുവെന്ന കാരണത്താൽ മാത്രം ലാത്തിച്ചാർജിലേക്ക് കടക്കേണ്ട സാഹചര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പൊലീസ് സ്വയം അച്ചടക്കവും നിയന്ത്രണവും പാലിക്കേണ്ടത് അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.

ജന്തർ മന്തറിൽ വിദ്യാർഥികൾക്കെതിരെ നടന്ന പൊലീസ് നടപടിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. സമാധാനപരമായി നടത്തിയ മാർച്ചിന് നേരെ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തിയെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.

രാജ്യവ്യാപകമായി വിവിധ പ്രതിഷേധങ്ങളിലുണ്ടായ പൊലീസ് നടപടികളും അന്വേഷിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥിനികളെ പുരുഷ പൊലീസ് ഉദ്യോഗസ്ഥർ മർദിച്ചുവെന്നും, പെല്ലറ്റ് ഗൺ ഉൾപ്പെടെയുള്ള മാർഗങ്ങൾ ഉപയോഗിച്ച് അതിക്രമം നടത്തിയെന്നുമുള്ള ഗുരുതര ആരോപണങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് മുൻപ് സമർപ്പിക്കപ്പെട്ട ഹർജികൾ പരിഗണിക്കണമെന്നും സമരക്കാർ പുറത്തുവിട്ട വീഡിയോകൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ അതിന് സമയമില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞത് വിവാദമായിരുന്നു. തുടർന്ന്, നിയമപരമായി പരിഗണിക്കാവുന്ന ഹർജി അന്നുണ്ടായിരുന്നില്ലാത്തതിനാലാണ് അത് പരിശോധിക്കാതിരുന്നതെന്ന് അദ്ദേഹം പിന്നീട് വിശദീകരിച്ചിരുന്നു.

You may also like