വടകര: കോഴിക്കോട് വടകരയിലെ എംഡിഎംഎ കേസിൽ വിദ്യാഭ്യാസ വകുപ്പ് വീണ്ടും കടുത്ത നടപടി സ്വീകരിച്ചു. കേസുമായി ബന്ധപ്പെട്ട് പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ സ്പെഷ്യൽ എജ്യുക്കേറ്ററായ കാവ്യയെ സർവീസിൽ നിന്ന് പുറത്താക്കി. കൂരാച്ചുണ്ട് സ്വദേശിനിയാണ് കാവ്യ.
ഇതിന് മുമ്പ് കേസിൽ അറസ്റ്റിലായ പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ സ്പെഷ്യലിസ്റ്റ് കായിക അധ്യാപിക കീർത്തനയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു.
അന്വേഷണത്തിൽ, ലഹരിമരുന്ന് വാങ്ങുന്നവർ പണം അയച്ചിരുന്നത് കാവ്യയുടെ ബാങ്ക് അക്കൗണ്ടിലേക്കാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം 28-ന് വടകര സ്വദേശിയെ എംഡിഎംഎ കേസിൽ അറസ്റ്റ് ചെയ്തതോടെയാണ് അധ്യാപകരെ ഇടനിലക്കാരാക്കി നടത്തിയ ലഹരിവ്യാപാരം പുറത്തുവന്നത്. തുടർന്ന് നടത്തിയ അന്വേഷണമാണ് അധ്യാപികമാരിലേക്കെത്തിയത്.
പണം ലഭിച്ചതിന് ശേഷം ഉപഭോക്താക്കൾക്ക് ലൊക്കേഷൻ കൈമാറുകയും അവിടെ മറ്റൊരാൾ എത്തി എംഡിഎംഎ കൈമാറുകയുമായിരുന്നു സംഘത്തിന്റെ പ്രവർത്തനരീതിയെന്ന് പൊലീസ് പറയുന്നു. കീർത്തനയുടെ അക്കൗണ്ടിലെത്തിയ തുകയും പിന്നീട് കാവ്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
കാവ്യയ്ക്ക് ലഹരിമരുന്ന് സംഘവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കേസുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിരിക്കുകയാണ്.
അതേസമയം, കേസിൽ അറസ്റ്റിലായ അധ്യാപിക കീർത്തന ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളിൽ സജീവമായിരുന്നുവെന്നാണ് സഹപ്രവർത്തകർ പറയുന്നത്. വിദ്യാർഥികളെ അണിനിരത്തി ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സൂംബ ഡാൻസ് അവതരിപ്പിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി.
