Home Entertainment‘ഒരു ലക്ഷം പ്രതിഫലം, അതിൽ 25,000 പോലും വാങ്ങിയില്ല’; വൈറ്റിലയിലെ ബിൽബോർഡിനായി വിട്ടുകൊടുത്ത ശമ്പളത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് സൈജു കുറുപ്പ്

‘ഒരു ലക്ഷം പ്രതിഫലം, അതിൽ 25,000 പോലും വാങ്ങിയില്ല’; വൈറ്റിലയിലെ ബിൽബോർഡിനായി വിട്ടുകൊടുത്ത ശമ്പളത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് സൈജു കുറുപ്പ്

by news_desk1
0 comments

മലയാള സിനിമയിലെ ശ്രദ്ധേയനായ നടനാണ് സൈജു കുറുപ്പ്. മയൂഖം എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം ഇന്ന് നായകനായും സഹനടനായും നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമാണ്. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഭരതനാട്യം, മോഹിനിയാട്ടം എന്നീ ചിത്രങ്ങളിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. തിയേറ്ററിൽ വലിയ സാമ്പത്തിക വിജയം നേടാനായില്ലെങ്കിലും മോഹിനിയാട്ടം മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയിരുന്നു.

സിനിമയിൽ ഇന്നത്തെ നിലയിലേക്കെത്തുന്നതിന് മുമ്പ് തന്റെ ഒരു വലിയ ആഗ്രഹം സഫലമാക്കാൻ പ്രതിഫലത്തിന്റെ ഒരു ഭാഗം പോലും വാങ്ങാതിരുന്നതിനെക്കുറിച്ചാണ് സൈജു കുറുപ്പ് ഇപ്പോൾ തുറന്നുപറയുന്നത്. ഒരു അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഒരു സിനിമയ്ക്ക് ഒരു ലക്ഷം രൂപയായിരുന്നു എന്റെ പ്രതിഫലം. അതിൽ 75,000 രൂപ കിട്ടിയിരുന്നു. ഡബ്ബിങ് കഴിഞ്ഞാൽ ലഭിക്കാനുള്ള 25,000 രൂപ ബാക്കിയുണ്ടായിരുന്നു. സിനിമയിൽ വന്നതിന് ശേഷം എന്റെ ഏറ്റവും വലിയ ആഗ്രഹം വൈറ്റില ജംഗ്ഷനിലെ ബിൽബോർഡിൽ എന്റെ സിനിമയുടെ പോസ്റ്റർ വരിക എന്നതായിരുന്നു. ഞാൻ സപ്പോർട്ടിങ് റോൾ ചെയ്ത സിനിമയായാലും പ്രശ്നമില്ല, അവിടെ എന്റെ ചിത്രം ഉണ്ടാകണമെന്നായിരുന്നു ആഗ്രഹം. കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥലങ്ങളിലൊന്നാണ് വൈറ്റില. എല്ലാവരും കടന്നുപോകുന്ന സ്ഥലമായതിനാൽ അവിടെ എന്റെ പോസ്റ്റർ കാണണമെന്നത് വലിയ സ്വപ്നമായിരുന്നു,’ അദ്ദേഹം പറഞ്ഞു.

തുടർന്ന് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറെ വിളിച്ച് ബാക്കി ലഭിക്കാനുള്ള 25,000 രൂപ തരേണ്ടെന്നും, പകരം വൈറ്റിലയിലെ ബിൽബോർഡിൽ തന്റെ ചിത്രം ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടതായി സൈജു പറഞ്ഞു.

‘പിന്നീട് ഒരു സുഹൃത്ത് വിളിച്ച് വൈറ്റിലയിൽ നിന്റെ സിനിമയുടെ ബിൽബോർഡ് വന്നിട്ടുണ്ടെന്ന് പറഞ്ഞു. ഞാനും ഭാര്യയും ചേർന്ന് അവിടെ പോയി. പക്ഷേ നോക്കിയപ്പോൾ സിനിമയിലെ വലിയ താരങ്ങളുടെ മുഖങ്ങളാണ് വലുതായി നൽകിയിരുന്നത്. ഞാനും നായികയും ഫുൾ ഫിഗറായിട്ടാണ് താഴെ ചെറുതായി ഉണ്ടായിരുന്നത്. അത് ഞാനാണെന്ന് എനിക്ക് മാത്രമേ മനസ്സിലാകൂ. അപ്പോൾ വല്ലാത്ത വിഷമമായി. അതും ഞാൻ സ്വന്തം കാശ് വിട്ടുകൊടുത്തിട്ടാണ് ആ പോസ്റ്റർ വന്നത് എന്നത് കൂടി ഓർത്തു. എങ്കിലും ആദ്യമായി വൈറ്റിലയിൽ എന്റെ ചിത്രം വന്നല്ലോ എന്ന ആശ്വാസം മാത്രമാണ് ഉണ്ടായത്,’ സൈജു കുറുപ്പ് പറഞ്ഞു.

You may also like