Home Entertainmentവിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’; ആരാധകർക്ക് ആവേശം, പ്രേക്ഷകരിൽ സമ്മിശ്ര പ്രതികരണം

വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’; ആരാധകർക്ക് ആവേശം, പ്രേക്ഷകരിൽ സമ്മിശ്ര പ്രതികരണം

by news_desk1
0 comments

ചെന്നൈ: വിജയ്‌യുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തിയ ‘ജന നായകൻ’ തിയേറ്ററുകളിൽ പ്രദർശനം തുടങ്ങി. ഏറെ നാളത്തെ റിലീസ് പ്രതിസന്ധികൾക്ക് ശേഷമാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. വിജയ് ആരാധകർ ആവേശപൂർവമാണ് ചിത്രത്തെ വരവേറ്റത്. വിജയ് നായകനായി എത്തുന്ന ഒരു സിനിമയുടെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ഇനി കാണാനാകില്ലെന്ന വികാരവും നിരവധി ആരാധകർ പങ്കുവെക്കുന്നു.

അതേസമയം, ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. വിജയ്‌യുടെ പ്രകടനവും മമിത ബൈജുവിന്റെ രംഗങ്ങളും മികച്ചതാണെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുമ്പോൾ, കഥാപരമായി പതിവ് മാസ്-ഹീറോ ഫോർമുലയുടെ ആവർത്തനമാണെന്ന വിമർശനവും ഉയരുന്നുണ്ട്.

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ മുൻനിർത്തിയുള്ള നിരവധി സംഭാഷണങ്ങൾ ചിത്രത്തിലുണ്ടെന്നും അതിന്റെ സൂചനകൾ വ്യക്തമായി പ്രകടമാണെന്നും ചില പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

ചില രംഗങ്ങളിൽ ബാലയ്യയുടെ ‘ഭഗവന്ത് കേസരി’ എന്ന ചിത്രവുമായി സാമ്യമുണ്ടെന്ന അഭിപ്രായവും ഉയരുന്നുണ്ട്. എന്നിരുന്നാലും ചിത്രം അതേ രീതിയിൽ പൂർണമായും മുന്നോട്ടുപോകുന്നില്ലെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വിലയിരുത്തൽ.

സമ്മിശ്ര പ്രതികരണങ്ങൾ ഉണ്ടായിട്ടും ബോക്സ് ഓഫീസിൽ ഇത് വലിയ തിരിച്ചടിയാകില്ലെന്നാണ് ആരാധകരുടെയും ട്രേഡ് വൃത്തങ്ങളുടെയും വിലയിരുത്തൽ. ചിത്രം റെക്കോർഡ് കളക്ഷൻ നേടുമെന്നും വിജയ് ആരാധകർക്ക് പുറമെ സിനിമാപ്രേമികളും തിയേറ്ററുകളിലെത്തുമെന്നും പ്രതീക്ഷ ഉയരുന്നുണ്ട്.

അനിരുദ്ധ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും തിയേറ്റർ അനുഭവം കൂടുതൽ ആസ്വാദ്യകരമാക്കിയെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.

എച്ച്. വിനോദ് സംവിധാനം ചെയ്ത ‘ജന നായകൻ’ കെവിഎൻ പ്രൊഡക്ഷൻസ് ആണ് നിർമിച്ചിരിക്കുന്നത്. വിജയ്‌, മമിത ബൈജു എന്നിവർക്കൊപ്പം പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, പ്രിയാമണി, നരേൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

You may also like