തിരുവനന്തപുരം: നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ എസ്എഫ്ഐ സംസ്ഥാനമൊട്ടാകെ പ്രതിഷേധം ശക്തമാക്കി. വിവിധ ജില്ലകളിൽ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചപ്പോൾ പല സ്ഥലങ്ങളിലും പൊലീസുമായി സംഘർഷമുണ്ടായി.
തിരുവനന്തപുരം ലോക് ഭവനിലേക്ക് നടത്തിയ എസ്എഫ്ഐ മാർച്ചിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കൊച്ചി, തൃശൂർ, ആലപ്പുഴ എന്നിവിടങ്ങളിലുമുള്ള പ്രതിഷേധ മാർച്ചുകൾക്കിടെയും സംഘർഷാവസ്ഥ രൂപപ്പെട്ടു. ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ തയ്യാറായില്ല.
കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ എസ്എഫ്ഐ മാർച്ചിലും സംഘർഷമുണ്ടായി. പൊലീസ് വാഹനത്തിന് മുകളിൽ കയറിയ പ്രവർത്തകരെ ജലപീരങ്കി പ്രയോഗിച്ചാണ് പൊലീസ് നീക്കാൻ ശ്രമിച്ചത്.
പത്തനംതിട്ടയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്ഥലത്തുനിന്ന് മാറ്റി.
നീറ്റ് പരീക്ഷാക്രമക്കേടിൽ കേന്ദ്രസർക്കാരിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത്.
