കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ചേർന്ന് തനിക്കെതിരെ പിആർ ക്യാംപെയിൻ നടത്തുന്നുവെന്ന ഗുരുതര ആരോപണവുമായി നടൻ ജോജു ജോർജ്. തന്റെ പുതിയ ചിത്രമായ ‘വരവ്’ എന്ന സിനിമയെ ലക്ഷ്യമിട്ട് ആസൂത്രിതമായ നെഗറ്റീവ് പ്രചാരണം നടക്കുന്നുണ്ടെന്നും ജോജു ആരോപിച്ചു.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവിലായിരുന്നു ജോജുവിന്റെ പ്രതികരണം. മലയാള സിനിമയിലെ ചില പ്രമുഖ താരങ്ങൾ പണം നൽകി പിആർ പ്രവർത്തനങ്ങൾ നടത്തുന്നതായും അദ്ദേഹം ആരോപിച്ചു.
തനിക്കെതിരെ പ്രവർത്തിക്കുന്നതായി പറയുന്ന നടന്റെയും ഭാര്യയുടെയും പേര് ജോജു വെളിപ്പെടുത്തിയില്ല. ഇതോടെ സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചകൾക്ക് വഴിയൊരുങ്ങി. നിരവധി താരങ്ങളുടെ പേരുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.
ഷാജി കൈലാസ് സംവിധാനം ചെയ്ത ‘വരവ്’ ആണ് ജോജു ജോർജിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എ.കെ. സാജനാണ് തിരക്കഥ ഒരുക്കിയത്. മുരളി ഗോപി, അർജുൻ അശോകൻ എന്നിവർ ഉൾപ്പെടെ നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ജൂലൈ 16-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
