Home Businessആപ്പിൾ മ്യൂസിക് ഇനി കൂടുതൽ ചെലവ്; ഇന്ത്യയിൽ സബ്സ്ക്രിപ്ഷൻ നിരക്ക് വീണ്ടും വർധിപ്പിച്ചു

ആപ്പിൾ മ്യൂസിക് ഇനി കൂടുതൽ ചെലവ്; ഇന്ത്യയിൽ സബ്സ്ക്രിപ്ഷൻ നിരക്ക് വീണ്ടും വർധിപ്പിച്ചു

by news_desk1
0 comments

ന്യൂഡൽഹി: ഇന്ത്യയിൽ ആപ്പിൾ മ്യൂസിക്, ആപ്പിൾ വൺ സബ്സ്ക്രിപ്ഷൻ പ്ലാനുകളുടെ നിരക്ക് ആപ്പിൾ വർധിപ്പിച്ചു. പുതിയതും നിലവിലുള്ളതുമായ എല്ലാ വരിക്കാർക്കും പുതിയ നിരക്കുകൾ ബാധകമാണ്. ഇൻഡിവിജ്വൽ, സ്റ്റുഡന്റ്, ഫാമിലി പ്ലാനുകൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളുടെയും നിരക്കിലാണ് വർധന. രണ്ട് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ആപ്പിൾ മ്യൂസിക് നിരക്ക് ഉയർത്തുന്നത്. ഹാർഡ്‌വെയർ ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നിരക്ക് നിലവിൽ വന്നത്.

നിരക്ക് വർധിപ്പിച്ചതിന് കാരണം

സംഗീതത്തിന് ലൈസൻസിങ് ഫീസ് ഇനത്തിൽ നൽകേണ്ട തുക വർധിച്ചതാണ് നിരക്ക് കൂട്ടാൻ കാരണമെന്ന് ആപ്പിൾ അറിയിച്ചു. റെക്കോർഡ് ലേബലുകൾ, പബ്ലിഷർമാർ, കലാകാരന്മാർ എന്നിവർക്ക് നൽകേണ്ട ഈ ചെലവ് വർധിച്ചതോടെയാണ് സബ്സ്ക്രിപ്ഷൻ നിരക്കിലും മാറ്റം വരുത്തിയതെന്നാണ് കമ്പനി വിശദീകരണം.

പുതിയ ആപ്പിൾ മ്യൂസിക് നിരക്കുകൾ

  • ഇൻഡിവിജ്വൽ പ്ലാൻ: 119 രൂപയിൽ നിന്ന് 139 രൂപയായി.
  • സ്റ്റുഡന്റ് പ്ലാൻ: 59 രൂപയിൽ നിന്ന് 69 രൂപയായി.
  • ഫാമിലി പ്ലാൻ: 179 രൂപയിൽ നിന്ന് 229 രൂപയായി.

ഫാമിലി പ്ലാനിലൂടെ ഒരൊറ്റ സബ്സ്ക്രിപ്ഷനിൽ കുടുംബത്തിലെ ആറ് പേർക്ക് വരെ ആപ്പിൾ മ്യൂസിക് ഉപയോഗിക്കാനാകും. ഫാമിലി ഷെയറിങ് സൗകര്യം വഴി ഓരോ ഉപയോക്താവിനും സ്വന്തം മ്യൂസിക് ലൈബ്രറിയും പ്ലേലിസ്റ്റുകളും ലഭിക്കും.

ആപ്പിൾ വൺ പ്ലാനുകളിലും വർധന

ആപ്പിൾ മ്യൂസിക്, ആപ്പിൾ ടിവി പ്ലസ്, ആപ്പിൾ ആർ‍ക്കേഡ്, ഐക്ലൗഡ് തുടങ്ങിയ സേവനങ്ങൾ ഉൾപ്പെടുന്ന ആപ്പിൾ വൺ പ്ലാനുകളുടെയും നിരക്ക് വർധിപ്പിച്ചു. ഐക്ലൗഡ് സ്റ്റോറേജ് ഓപ്ഷൻ അനുസരിച്ചായിരിക്കും അന്തിമ നിരക്ക്.

  • ഇൻഡിവിജ്വൽ പ്ലാൻ: 175 രൂപയിൽ നിന്ന് 195 രൂപയായി.
  • ഫാമിലി പ്ലാൻ: 365 രൂപയിൽ നിന്ന് 445 രൂപയായി.
  • പ്രീമിയർ പ്ലാൻ: 499 രൂപയിൽ നിന്ന് 595 രൂപയായി.

ഇന്ത്യയ്ക്ക് പുറമെ യുകെ, യൂറോപ്പ്, അമേരിക്ക തുടങ്ങിയ വിപണികളിലും ആപ്പിൾ സബ്സ്ക്രിപ്ഷൻ നിരക്കുകളിൽ മാറ്റം വന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ മറ്റ് രാജ്യങ്ങളിലെ വിലമാറ്റത്തെക്കുറിച്ച് കമ്പനി ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

You may also like