Home Entertainment16 വർഷത്തെ വാടകജീവിതത്തിന് വിരാമം; കൊച്ചിൻ ഹനീഫയുടെ കുടുംബം സ്വന്തം ‘എ.ബി. മൻസിലിലേക്ക്’

16 വർഷത്തെ വാടകജീവിതത്തിന് വിരാമം; കൊച്ചിൻ ഹനീഫയുടെ കുടുംബം സ്വന്തം ‘എ.ബി. മൻസിലിലേക്ക്’

by news_desk1
0 comments

മലയാളികളുടെ ഹൃദയത്തിൽ ഇന്നും ജീവിക്കുന്ന അനശ്വര കലാകാരനാണ് കൊച്ചിൻ ഹനീഫ. അദ്ദേഹത്തിന്റെ വിയോഗത്തിന് 16 വർഷങ്ങൾക്കിപ്പുറം കുടുംബത്തിന്റെ ഏറെക്കാലത്തെ സ്വപ്നം യാഥാർഥ്യമായി. വർഷങ്ങളായുള്ള വാടകവീട്ടിലെ ജീവിതത്തിന് വിരാമമിട്ട് കൊച്ചിൻ ഹനീഫയുടെ കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറി.

എറണാകുളം വെണ്ണലയിലെ അംബേദ്കർ റോഡിലാണ് പുതിയ വീട്. ‘കൊച്ചിൻ ഹനീഫാസ് എ.ബി. മൻസിൽ’ എന്നാണ് വീടിന് പേര് നൽകിയിരിക്കുന്നത്. പിതാവ് എ.ബി. മുഹമ്മദിന്റെ ഓർമകൾ നിലനിൽക്കുന്ന തരത്തിലായിരിക്കണം വീടെന്നത് കൊച്ചിൻ ഹനീഫയുടെ ആഗ്രഹമായിരുന്നുവെന്ന് കുടുംബം പറയുന്നു.

ഗൃഹപ്രവേശന ചടങ്ങിൽ നടൻ ദിലീപ്, ഹരിശ്രീ അശോകൻ ഉൾപ്പെടെ സിനിമാരംഗത്തെ നിരവധി പേർ പങ്കെടുത്തു. തുടർന്ന് കൊച്ചിൻ ഹനീഫയുടെ ഭാര്യയും ഇരട്ടമക്കളായ സഫയും മർവയും ചേർന്ന് പാലുകാച്ചൽ ചടങ്ങ് നിർവഹിച്ചു.

അഞ്ച് ബെഡ്‌റൂമുകളുള്ള മൂന്ന് നില വീടാണ് എ.ബി. മൻസിൽ. കൊച്ചിൻ ഹനീഫയുടെ ചിത്രങ്ങൾ, പുരസ്കാരങ്ങൾ, ഓർമച്ചിഹ്നങ്ങൾ എന്നിവ പ്രത്യേകം സൂക്ഷിച്ചാണ് വീട് ഒരുക്കിയിരിക്കുന്നത്.

2010 ഫെബ്രുവരിയിലായിരുന്നു കൊച്ചിൻ ഹനീഫയുടെ വിയോഗം. അന്ന് ഇരട്ടമക്കൾക്ക് നാല് വയസ്സ് മാത്രമായിരുന്നു പ്രായം. സ്വത്തുക്കൾ നിയമക്കുരുക്കിലായതിനെ തുടർന്ന് കുടുംബം കടവന്ത്രയിലെ വാടകവീട്ടിലേക്ക് മാറുകയായിരുന്നു. പിന്നീട് നടൻ ദിലീപ്, കൊച്ചിൻ ഹനീഫയുടെ ഇന്നോവ കാർ തന്റെ സിനിമാ ചിത്രീകരണങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിച്ചു. അതിൽ നിന്നുള്ള വരുമാനമായിരുന്നു കുടുംബത്തിന്റെ പ്രധാന വരുമാനമാർഗമായി മാറിയത്.

മിമിക്രിയിലൂടെ അഭിനയരംഗത്തെത്തിയ കൊച്ചിൻ ഹനീഫ, കൊച്ചിൻ കലാഭവനിലൂടെയാണ് കലാജീവിതം ആരംഭിച്ചത്. 1972-ൽ പുറത്തിറങ്ങിയ ‘അഴിമുഖം’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടക്കത്തിൽ വില്ലൻ കഥാപാത്രങ്ങളിലൂടെയും പിന്നീട് ഹാസ്യവേഷങ്ങളിലൂടെയും പ്രേക്ഷകഹൃദയം കീഴടക്കിയ അദ്ദേഹം മലയാളം, തമിഴ്, ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിലായി മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചു. 2010 ഫെബ്രുവരി 2-ന് അദ്ദേഹം വിടപറഞ്ഞെങ്കിലും, അനശ്വര കഥാപാത്രങ്ങളിലൂടെ ഇന്നും മലയാളികളുടെ മനസിൽ ജീവിച്ചിരിക്കുന്നു.

You may also like