തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ പുനഃക്രമീകരിക്കുക എന്ന ലക്ഷ്യത്തോടെ യു.ഡി.എഫ് സർക്കാരിന്റെ കന്നി ബജറ്റ് അവതരണം തുടങ്ങി. ജലഗതാഗത വികസനത്തിനായി ‘മിഷൻ സമുദ്ര’ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് 400 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. യു.ഡി.എഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളായ ഇന്ദിരാ ഗ്യാരണ്ടി, വിവിധ ക്ഷേമ പദ്ധതികൾ എന്നിവയ്ക്ക് ബജറ്റിൽ എത്രത്തോളം പ്രാധാന്യം ലഭിക്കുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കിയതിന് തൊട്ടുപിന്നാലെ വരുന്ന ബജറ്റായതിനാൽ, വരുമാന വർധനയ്ക്കായുള്ള കടുത്ത നിർദേശങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. മദ്യവില വർധന, മദ്യത്തിന് പ്രത്യേക സെസ് ഏർപ്പെടുത്തൽ, ഭൂമിയുടെ ന്യായവില പുതുക്കൽ തുടങ്ങിയ പ്രഖ്യാപനങ്ങൾ ഇതിന്റെ ഭാഗമായി ഉണ്ടായേക്കും. കൂടാതെ മുൻ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന കിഫ്ബി (KIIFB) സംവിധാനത്തിൽ കൊണ്ടുവരാൻ സാധ്യതയുള്ള നിർണായക മാറ്റങ്ങളും ബജറ്റിന്റെ പ്രധാന ആകർഷണമാകും.
മസ്‌ക്കറ്റ്, സമുദ്ര (കോവളം) ഹോട്ടലുകളിൽ ഇരുന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ടാണ് ഈ ബജറ്റ് തയ്യാറാക്കിയത്. രാവിലെ 8:45-ഓടെ വീട്ടിൽ നിന്നും നിയമസഭയിലേക്ക് തിരിച്ച മുഖ്യമന്ത്രി, സഭയിൽ ബജറ്റ് അവതരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ജനപ്രിയ പ്രഖ്യാപനങ്ങളും കർശനമായ സാമ്പത്തിക അച്ചടക്കവും ഒരേസമയം മുൻനിർത്തിയുള്ള ബജറ്റാകും ഇതെന്നാണ് രാഷ്ട്രീയ-സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തൽ.

